നരേൻ

Naren

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1979 ഒക്ടോബറിൽ രാമകൃഷ്ണന്റെയും ശാന്തയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. സുനിൽ കുമാർ  എന്നായിരുന്നു യഥാർത്ഥനാമം. ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. സിനിമയോട് താത്പര്യമുണ്ടായിരുന്ന നരേൻ അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. 2003-ൽ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു നരേന്റെ തുടക്കം.

ജയരാജ് സംവിധാനം ചെയ്ത് 2004-ൽ റിലീസ് ചെയ്ത ഫോർ ദ് പീപ്പിൾ എന്ന സിനിമയിലെ പോലീസ് കമ്മീഷണറുടെ വേഷമാണ് നരനെ ശ്രദ്ധേയനാക്കിയത്. 2005-ൽ  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ- യിൽ  നരേൻ നായകനായി അഭിനയിച്ചു. ഫോർ ദ് പീപ്പിളിന്റെ രണ്ടാം ഭാഗമായ ബൈ ദ് പീപ്പിൾ- ലും ഫോർ ദ് പീപ്പിളിന്റെ തമിഴ്, തെലുങ്ക്,ബംഗാളി പതിപ്പുകളിലും അഭിനയിച്ചു. Chithiram Pesuthedi എന്ന ചിത്രത്തിലൂടെ തമിഴിലും നരേൻ നായകനായി. ആ സിനിമയ്ക്കുശേഷമാണ് സുനിൽ കുമാർ എന്ന പേരു മാറ്റി നരേൻ എന്ന പേര് സ്വീകരിച്ചത്.

തമിഴിലും മലയാളത്തിലുമായി നായകനായും സഹനായകനായും നിരവധി ചിത്രങ്ങളിൽ നരേൻ അഭിനയിച്ചു. ലാൽജോസ് ചിത്രമായ ക്ലാസ്മേറ്റ്സിലെ മുരളി നരേൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതിനേടിയതാണ്.