ശ്രീലത നമ്പൂതിരി

Sreelatha Namboothiri
Date of Birth: 
Friday, 15 March, 1946
ശ്രീലത
ആലപിച്ച ഗാനങ്ങൾ: 27

മലയാള ചലച്ചിത്രനടി. 1946 മാർച്ച് 15 ന് ആലപ്പുഴജില്ലയിലെ കരുവാറ്റയിൽ ജനിച്ചു. വസന്ത എന്നതായിരുന്നു ആദ്യകാലത്തെ പേര്. അച്ഛൻ അഞ്ചിൽ വേലിൽ ബാലകൃഷണൻ നായർ പട്ടാളക്കാരനായിരുന്നു. അമ്മ കമലമ്മ ഗവണ്മെന്റ് സ്കൂൾ സംഗീതാദ്ധ്യാപികയും. ശ്രീലതയുടെ പ്രാഥമികവിദ്യാഭ്യാസം ഗവ്ണ്മെന്റ് ഗേഴ്സ് ഹൈസ്കൂൾ ഹരിപ്പാടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കായിക താരമായിരുന്ന ശ്രീലത ലോംഗ് ജമ്പിൽ സംസ്ഥാനതലത്തിൽ രണ്ടുതവണ സെക്കൻഡ് പ്രൈസ് നേടിയിട്ടുണ്ട്. ഏഴാംക്ലാസിൽ പഠിയ്ക്കുമ്പോൾ കെ പി എ സിയിൽ അംഗമാകുകയും നാടക ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. നാടകാഭിനയം തുടർന്നുപോയതിനാൽ ശ്രീലത നമ്പൂതിരിയുടെ പഠനം പാതിവഴിയിൽ മുടങ്ങി. എങ്കിലും ദക്ഷിണാമൂർത്തി സ്വാമിയുടെ കീഴിൽ അവർ സംഗീതം അഭ്യസിയ്ക്കാൻ ആരംഭിച്ചു. 

നാടകവേദികളിൽനിന്നും ശ്രീലത നമ്പൂതിരി താമസിയാതെ സിനിമയിലെത്തി. 1967ൽ ഇറങ്ങിയ ഖദീജയായിരുന്നു ശ്രീലത നമ്പൂതിരിയുടെ ആദ്യ സിനിമ. തുടർന്ന് 200ൽ അധികം സിനിമകളിൽ അവർ അഭിനയിച്ചു. ആദ്യകാലത്ത് കൂടുതൽ ഹാസ്യവേഷങ്ങളാണ് അവർ അഭിനയിച്ചിരുന്നത്. അടൂർഭാസി - ശ്രീലത നമ്പൂതിരി ജോഡികൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു.  നല്ലൊരു ഗായിക കൂടിയായ ശ്രീലത നമ്പൂതിരി ഏതാണ്ട് മുപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട്.

നടനും ആയുർവേദ ഡോക്ടറുമായ കാലടി പരമേശ്വരൻ നമ്പൂതിരിയെയാണ് ശ്രീലത വിവാഹം ചെയ്തത്. 1979ൽ പാപത്തിനുമരണമില്ല എന്ന സിനിമയിൽ അവർ ഒന്നിച്ചഭിനയിച്ചിരുന്നു, അതിനുശേഷമായിരുന്നു വിവാഹം.വിവാഹത്തിനു ശേഷം അവർ അഭിനയത്തോട് തത്ക്കാലം വിടപറഞ്ഞു. വിവാഹത്തിനു ശേഷം അവർ ബ്രാഹ്മണ സമുദായത്തിലേയ്ക്ക് പരിവർത്തനം ചെയ്ത് ശ്രീലത അന്തർജ്ജനമായി. കാലടി നമ്പൂതിരിയ്ക്കും ശ്രീലത അന്തർജ്ജനത്തിനും രണ്ടുകുട്ടികളാണുള്ളത്. മകൻ വിശാഖ്, മകൾ ഗംഗ. 

ഭർത്താവിന്റെ മരണത്തിനു ശേഷം ശ്രീലത നമ്പൂതിരി പതാക എന്നസിനിമയിലൂടെ വിണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. സിനിമ കൂടാതെ ധാരാളം സീരിയലുകളിലും ശ്രീലത നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.