ആന്റണി പെരുമ്പാവൂർ

Antony Perumbavoor

മാലേക്കുടി ജോസഫ് ആന്റണിയാണ് - ആന്റണി പെരുമ്പാവൂരെന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചത്. 1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു. പെരുമ്പാവൂർ ഇരിങ്ങൽ യുപിസ്കൂളിലും കരുനാഗപ്പള്ളി എംജിഎം ഹയർ സെക്കന്ററി സ്കൂളിലുമാണു പഠിച്ചത്. 1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്. പല താരങ്ങൾക്കു വേണ്ടിയും വാഹനം ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹൻലാലുമായുള്ള സൗഹൃദത്തിന്റെ തുടക്കം. മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ ഏറെ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച് മലയാള സിനിമയിലെ മുൻ നിര നിർമ്മാതാവായും ആന്റണി പെരുമ്പാവൂർ മാറി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്.  ഏറെ തിയറ്ററുകളുടെയും ഉടമയായ ആന്റണിയുടെ ഭാര്യ ശാന്തി, മക്കൾ അനീഷ, ആശിഷ് എന്നിവരാണ്.

അവലംബം : മനോരമ ആർട്ടിക്കിൾ