ശക്തിശ്രീ ഗോപാലൻ
കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് ശക്തിശ്രീ ഗോപാലൻ ജനിച്ചത്. കൊച്ചി കളമശ്ശേരിയിലുള്ള രാജഗിരി പബ്ലിക് സ്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പ്ലസ്ടു വരെ കൊച്ചിയില്‍ പഠിച്ചശേഷം ചെന്നൈക്ക് താമസം മാറ്റി. പതിമൂന്ന് വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ച ശക്തിശ്രീ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എസ് മ്യൂസിക് സംഘടിപ്പിച്ച വോയിസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുകുകയുണ്ടായി.
ആദ്യ പ്രാവശ്യം ഓഡിഷനിൽ പങ്കെടുത്തതോടെ അവസാനിച്ചെങ്കിലും, 2008 -ൽ എസ്.എസ്. മ്യൂസിക് വോയിസ് ഹണ്ട് പരിപാടിയിൽ ശക്തിശ്രീ വിജയിച്ചു. ഇതിനെത്തുടർന്ന് ടാക്സി 4777 എന്ന തമിഴ് ചിത്രത്തിൽ ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു.
ഇതിനിടെ അണ്ണാ സർവകലാശാലയിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം കരസ്ഥമാക്കിയ ശക്തിശ്രീ ഈ കാലത്ത് ഓഫ് ദ റെക്കോർഡ് എന്ന പേരിൽ ഒരു സംഗീതസംഘം രൂപീകരിച്ചിരുന്നു. ഈ സംഘം 2014 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ സാംസ്കാരിക പരിപാടിയായ ഡീപ്‌വുഡ്സിലും തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫെസ്റ്റെംബർ എന്ന പരിപാടിയിലും ശാസ്ത്ര സർവകലാശാലയുടെ കുരുശാസ്ത്ര 14 എന്ന പരിപാടിയിലും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ റിവിയേറ പരിപാടിയിലും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മിറ്റാഫെസ്റ്റ് 15 -ലും സംഗീത പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. എ.ആർ. റഹ്‌മാന്റെ പിന്നണിഗായക സംഘത്തിലെ അംഗവുമായിരുന്നു.
ഇതിനെത്തുടർന്ന് 2012 -ൽ എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം ചെയ്ത ജബ് തക് ഹേ ജാൻ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടാനുള്ള അവസരം ശക്തിശ്രീക്ക് ലഭിക്കുകയുണ്ടായി. തുടർന്ന് എ.ആർ. റഹ്‌മാന്റെ പല ഗാനങ്ങളും ശക്തിശ്രീ ആലപിച്ചു. റഹ്മാൻറ്റെ സംഗീതത്തിൽ കടൽ എന്ന സിനിമയിൽ പാടിയ നെഞ്ചുക്കുള്ളേ എന്ന പാട്ടിന് മികച്ച പിന്നണി ഗായികക്കുള്ള തമിഴ് ഫിലിംഫെയർ പുരസ്കാരവും വിജയ് ചലച്ചിത്ര പുരസ്കാരവും ശക്തിശ്രീയ്ക്ക് ലഭിച്ചു. 2013 -ൽ പട്ടം പോലെ പട്ടം പോലെ എന്ന സിനിമയിൽ ഗാനങ്ങൾ ആലപിച്ചുകൊണ്ട് മലയാള സിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് മി. ഫ്രോഡ്, ചാർലി, തല്ലുമാല.. എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. കൂടാതെ തെലുങ്ക്,കന്നഡ, ഹിന്ദി ചിത്രങ്ങളിലും ശക്തിശ്രീ പാടിയിട്ടുണ്ട്. ചില മലയാളം,തമിഴ് സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശക്തിശ്രീ ഗോപാൽ പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി മ്യൂസിക് ആൽബങ്ങളിലും ശക്തിശ്രീ പാടിയിട്ടുണ്ട്.