നിഖിൽ ജെ മേനോൻ
സംഗീത സംവിധായകനും, ഗാനരചയിതാവും, ഗായകനും, അഭിനേതാവുമായ നിഖിൽ ജെ മേനോൻ. ആദ്യ ചലച്ചിത്രം 'നീന'. തീരെ ചെറുപ്പം മുതൽ തന്നെ എല്ലാത്തരം സംഗീതവും കേട്ട് വളർന്ന നിഖിലിന് സ്വന്തമായി ഒരു ബാൻഡ് തന്നെയുണ്ട്. ഗിറ്റാറിസ്റ്റ് റഷിക്, ഡ്രമ്മർ സിബിൻ കെ പോൾ എന്നിവരുടെ കൂടെ ചേർന്ന് 'കൌണ്ടർ ക്ലോക്ക് വൈസ്' എന്ന മ്യൂസിക് ബാൻഡ് നിഖിൽ നടത്തിക്കൊണ്ട് പോകുന്നു. കീബോർഡും,ഗിറ്റാറും അഭ്യസിച്ച നിഖിൽ നല്ലൊരു ഗിറ്റാറിസ്റ്റ് കൂടിയാണ്. ഗാനരചയിതാവ് ആർ വേണുഗോപാലാണ് നിഖിലിനെ ചലച്ചിത്ര ഗാനലോകത്തെത്തിച്ചത്. വേണുഗോപാലിന്റെ ആഡ് കമ്പനിയിൽ ജോലിക്കായെത്തിയ നിഖിനിലെ കലാകാരനെ വേണുഗോപാൽ തിരിച്ചറിയുകയും തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത 'നീന' ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരാൻ നിഖിലിന് അവസരമൊരുക്കുകയുമായിരുന്നു. സംഗീതത്തിന് പുറമേ പാചകം, ഇന്റീരിയർ ഡിസൈനിംഗ് എന്നിവയിലും താൽപ്പര്യമുള്ളയാളാണ് നിഖിൽ. ചെറിയ രീതിയിൽ ഇന്റീരിയർ ഡിസൈനിംഗ് ബിസിനസും ഇതോടൊപ്പം നിഖിൽ ചെയ്യുന്നുണ്ട്. "നെല്ലിക്ക" എന്ന ചലച്ചിത്രത്തിൽ അഭിനയിക്കയും ചെയ്തിട്ടുണ്ട് നിഖിൽ.