സൗബിൻ ഷാഹിർ
മലയാള ചലച്ചിത്ര നടൻ. 1983 ഒക്ടോബർ 12 ന് പ്രൊഡക്ഷൻ കൺട്രോളറും സംവിധാന സഹായിയുമായിരുന്ന ബാബു സാഹിറിന്റെ മകനായി ഫോർട്ട്കൊച്ചിയിൽ ജനിച്ചു. 2003 ൽ ക്രോണിക്ക് ബാച്ചിലർ എന്ന സിനിമയിൽ സംവിധായകൻ സിദ്ദിഖിന്റെ സഹായിയായിട്ടാണ് സൗബിൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഫാസിൽ, റാഫി മെക്കാർട്ടിൻ, പി സുകുമാർ, സന്തോഷ് ശിവൻ, രാജീവ് രവി, അമൽ നീരദ് എന്നീ സംവിധായകരുടെയെല്ലാം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു.
2017 ൽ പറവ എന്ന സിനിമയ്ക്ക് കഥ,തിരക്കഥ, സംവിധാനം നിർവ്വഹിച്ചുകൊണ്ട് സൗബിൻ സ്വതന്ത്ര സംവിധായകനായി. 2002 ൽ ഫാസിൽ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സൗബിൻ തന്റെ അഭിനയം തുടങ്ങുന്നത്. തുടർന്ന് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷങ്ങളിൽ അഭിനയിച്ച സൗബിന് ഒരു വഴിത്തിരിവായത് 2015 ൽ ഇറങ്ങിയ പ്രേമം സിനിമയിലെ പി ടി ടീച്ചറുടെ വേഷമായിരുന്നു. തുടർന്ന് മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മായനദി, കുംബളങ്ങി നൈറ്റ്സ്.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2018 ൽ ഇറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. അതിനുശേഷം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25, വികൃതി, അമ്പിളി.. എന്നീ സിനിമകളിലും സൗബിൻ സാഹിർ നായകനായി. 2018 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ അദ്ധേഹം കരസ്ഥമാക്കി. ട്രാൻസ് എന്ന സിനിമയിൽ അഭിനയത്തോടൊപ്പം അദ്ദേഹം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.
2017 ഡിസംബറിലായിരുന്നു സൗബിൻ സാഹിറിന്റെ വിവാഹം. ഭാര്യ ജമിയ. സൗബിൻ - ജമിയ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.