ടോവിനോ തോമസ്

Tovino Thomas

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി. അഡ്വക്കറ്റ് ഇല്ലിയ്ക്കൽ തോമസ്, ഷീല തോമസ് എന്നിവരുടെ മകനായി ജനനം. ടിംഗ്സ്റ്റൺ, ധന്യ എന്നിവർ സഹോദരങ്ങളാണ്. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തമിൾനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. മലയാള സിനിമയിൽ അഭിനേതാവുന്നതിനു മുൻപ് ടോവിനോ കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുരുന്നു. മോഡലിംഗ് രംഗത്തുനിന്നുമാണ് ടോവിനോ സിനിമയിലേക്കെത്തുന്നത്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.

സജീവൻ അന്തിക്കാടിന്റെ "പ്രഭുവിന്റെ മക്കൾ" ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ "എ ബി സി ഡി"യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. അതിനെത്തുടർന്ന്  ശ്രീനാഥ് രാജേന്ദ്രന്റെ മോഹൻലാൽ ചിത്രം "കൂതറ"യിലേയ്ക്കും ടോവിനോ കരാർ ചെയ്യപ്പെട്ടു. രൂപേഷ് പീതാംബരന്റെ "തീവ്രം" എന്ന സിനിമയിൽ അസിസ്റ്റന്റ്  ഡയറക്ടറായി പ്രവർത്തിച്ച ടോവിനോ  രൂപേഷിന്റെ തന്റെ രണ്ടാം സിനിമയായ "യൂ റ്റൂ ബ്രൂട്ടസ്" എന്ന 2014 സിനിമയിലെ പ്രധാന കഥാപാത്രമായി വേഷമിട്ടു. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനാവുകയും മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളിൽ മുൻപന്തിയിലേക്ക് ഉയരുവാനും ടോവിനോയ്ക്ക് കഴിഞ്ഞു. എന്ന് നിന്റെ മൊയ്തീൻ, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യൻ, ലൂക്ക, ലൂസിഫർ, ‌ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറൻസിക്, കള എന്നിവയൊക്കെ ശ്രദ്ധേയ ചിത്രങ്ങളാണ്. 

സിനിമയിലെത്തുന്നതിനു മുൻപ് നിരവധി ലഘുചിത്രങ്ങളിലും അഭിനയിച്ചിരുന്നു.  

2014ൽ വിവാഹം. സ്കൂൾ കാലഘട്ടത്തിൽ നിന്ന് തന്നെ സുഹൃത്തായിരുന്ന ലിഡിയയെ ആണ് വിവാഹം കഴിച്ചത്. ടോവിനോ-ലിഡിയ ദമ്പതികൾക്ക് മകളും മകനുമായി രണ്ട് കുട്ടികൾ.  യൂത്ത് ഐക്കണും സപ്പോർട്ടിംഗ് ആക്റ്ററായും മികച്ച നടനായും നിരവധി ചാനൽ അവാർഡുകൾ ലഭ്യമായി