Tovino Thomas
മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.
സജീവൻ അന്തിക്കാടിന്റെ "പ്രഭുവിന്റെ മക്കൾ" ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ "എ ബി സി ഡി"യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. അതിനെത്തുടർന്ന് ശ്രീനാഥ് രാജേന്ദ്രന്റെ മോഹൻലാൽ ചിത്രം "കൂതറ"യിലേയ്ക്കും ടോവിനോ കരാർ ചെയ്യപ്പെട്ടു. രൂപേഷ് പീതാംബരന്റെ "യൂ റ്റൂ ബ്രൂട്ടസ്" എന്ന 2014 സിനിമയിലെ പ്രധാനവേഷക്കാരൻ ടോവിനോ ആണ്.
മലയാളം സിനിമയിലെ യുവനിരയിലെ അഭിനേതാക്കളിൽ മുൻപന്തിയിലാണ് ടോവിനോ ഇന്ന്.
സിനിമയിലെത്തുന്നതിനു മുൻപ് "ഗ്രിസൈൽ" എന്നൊരു ലഖുചിത്രത്തിൽ അഭിനയിച്ചിരുന്നു.കൂടാതെ,രൂപേഷ് പീതാംബരന്റെ "തീവ്രം" എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ടോവിനോ.
അഡ്വക്കറ്റ് ഇല്ലിയ്ക്കൽ തോമസ്,ഷീല തോമസ് എന്നിവരാണ് ഇരിങ്ങാലക്കുട സ്വദേശിയായ ടോവിനോയുടെ മാതപിതാക്കൾ.ടിംഗ്സ്റ്റൺ,ധന്യ എന്നിവർ സഹോദരങ്ങളും. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തമിൾനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. അഭിനേതാവുന്നതിനു മുൻപ് കോഗ്നിസന്റ് ടെകോളജി സൊലൂഷൻസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു ടോവിനോ തോമസ്.