വി കെ പ്രകാശ്

V K Prakash
Date of Birth: 
Wednesday, 12 October, 1960
സംവിധാനം: 28
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

പാലക്കാട് സ്വദേശി. അരവിന്ദാക്ഷൻ - ശാന്തകുമാരി ദമ്പതികളുടെ മകനായി  ജനിച്ചു. ബി ഇ എം സ്കൂൾ പാലക്കാട്, ചിന്മയ മിഷൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. തൃശൂരെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയറ്റർ ആർട്സിൽ ബിരുദം പൂർത്തിയാക്കിയ  വി കെ പ്രകാശ് മുംബൈയിൽ പരസ്യ ചിത്രീകരണ രംഗത്ത് പ്രശസ്തനായിരുന്ന കൈലാഷ് സുരേന്ദ്രനാഥിന്റെ കൂടെ ജോലി ചെയ്ത് തുടങ്ങി. തുടർന്ന് എവറസ്റ്റ്  എന്ന പരസ്യ ചിത്രീകരണ കമ്പനിയിലും അതിനെത്തുടർന്ന് മുൻനിര പരസ്യ കമ്പനികളിലൊന്നായ 'ഒഗിൽവി & മേതറിൽ' ഏകദേശം ആറു വർഷക്കാലം തുടർച്ചയായും സേവനം അനുഷ്ഠിച്ചു. 1994ൽ അദ്ദേഹം സ്വന്തമായി 'ട്രെൻഡ്സ് ആഡ് ഫിലിം മേക്കേർസ്' എന്ന കമ്പനി സ്വന്തമായി രൂപപ്പെടുത്തി. ഒരു കാലത്ത് വളരെ പ്രസിദ്ധമായിരുന്ന കിസാൻ ജാമിന്റെയും ഫെയർ & ലവ്ലി എയർഹോസ്റ്റസ് പരസ്യങ്ങളൊക്കെ വികെപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയവിൽ ചിലതാണ്. ഹിന്ദി സിനിമയിലെ സംവിധായകനായി മാറിയ ബാലകൃഷ്ണൻ- ബാൽകി വികെപിയുടെ പരസ്യരംഗത്തെ പങ്കാളിയായിരുന്നു. ഇന്ന് ഇന്ത്യൻ രംഗത്ത് ഏറെ പ്രശസ്തരായ പല പരസ്യ ചിത്രീകരണ സംവിധായകരും വി കെ പ്രകാശിന്റെ ശിഷ്യന്മാരായി രംഗത്തുണ്ട്. 'സൂസു' പരസ്യത്തിലൂടെ വൻ പ്രശസ്തി നേടിയ പ്രകാശ് വർമ്മ, ഭാര്യയും പരസ്യ സംവിധായകയുമായ സ്നേഹ തുടങ്ങിയവരൊക്കെ വി കെ പിയുടെ അസോസിയേറ്റുകളായി രംഗത്തെത്തിയവരാണ്.  വിഷ്വൽസിലുപരിയായി കഥാംശത്തെ മുൻ നിർത്തി പരസ്യചിത്രീകരണമൊരുക്കുന്നതിലുള്ള മിടുക്കായിരുന്നു വി കെപിയെ ഇന്ത്യയിലെ മികച്ച പരസ്യ സംവിധായകനാക്കി മാറ്റിയത്.  

ഏകദേശം പതിമൂന്ന് വർഷക്കാലം പരസ്യ ചിത്രീകരണരംഗത്ത്  നിന്ന ശേഷമാണ് വികെപി തന്റെ ആദ്യ സിനിമയായ പുനരധിവാസം സംവിധാനം ചെയ്യുന്നത്. എഴുത്തുകാരി മാനസിയുടെ മൂന്ന് ചെറുകഥകളെ അടിസ്ഥാനമാക്കി  തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ സഹപാഠിയും സീനിയറുമായിരുന്ന പി ബാലചന്ദ്രന്റെ  തിരക്കഥയിലും സംഭാഷണത്തിലുമാണ് പുനരധിവാസം പുറത്തിറങ്ങുന്നത്. നന്ദിതാദാസും മനോജ് കെ ജയനും നായികാ നായകന്മാരായി അഭിനയിച്ച പുനരധിവാസം മികച്ച മലയാളസിനിമക്കുള്ള ദേശീയ അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിലെ മികച്ച നവാഗത സംവിധായകൻ, മികച്ച കഥ, മികച്ച ഗാനരചന എന്നിവയും പിന്നീട് നിരവധി ചലച്ചിത്ര മേളകളിലുമായി ഏകദേശം 20പതിലധികം അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ഹിന്ദിയിൽ പുറത്തിറക്കിയ ഫ്രീകി ചക്ര എന്ന ചിത്രമാണ് രണ്ടാമതായി വികെപി സംവിധാനം ചെയ്യുന്ന ചിത്രം. ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഫ്രീകീചക്ര. തുടർന്ന് മലയാളത്തിൽ ഏറെ ചിത്രങ്ങൾ കൊമേഴ്സ്യലി ഹിറ്റുകളായും അല്ലാതെയുമായി വികെപിയുടേതായി പുറത്തിറങ്ങി. കന്നഡ, മറാത്തി, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലൊക്കെ വികെപി ചിത്രങ്ങൾ സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.  അനൂപ് മേനോൻ, ജയസൂര്യ, ഔസേപ്പച്ചൻ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നീ സിനിമാ മേഖലയിലെ പ്രമുഖർ വികെപിയുടെ ചിത്രങ്ങളുമായി സ്ഥിരം സഹകരിച്ചു പോവുന്നത് കൗതുകമായി കാണാം. വ്യത്യസ്ത സ്വഭാവങ്ങളിലുള്ള സിനിമകൾ ചെയ്യുന്ന സംവിധായകൻ, വലിയ ഇടവേളകൾ ഇല്ലാതെ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകൻ എന്നീ വിശേഷണങ്ങൾ വികെപിയുടേതായി ഉള്ളതും കൗതുകങ്ങളായി എഴുതാം. പരസ്യരംഗത്തെപ്പോലെ തന്നെ ഇന്നൊവേഷൻ/പുതുമ നിറഞ്ഞ ടെക്നോളജികൾ സ്വീകരിച്ച് വികെപി സിനിമകൾ ചെയ്യുന്നതിന്റെ ഉദാഹരണങ്ങളായി ഡിജിറ്റൽ പ്രൊഡക്ഷനിലും പ്രൊജക്ഷനിലും പുറത്തിറക്കിയ മൂന്നാമതൊരാൾ, ചെറുക്യാമറകൾ വച്ച് ചിത്രീകരിച്ച സൈലൻസ് തുടങ്ങിയവയൊക്കെ കരുതാവുന്നതാണ്.  

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദമെടുത്ത വികെപി സംവിധാന രംഗത്തിനു പുറമേ അഭിനയത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ച്ച വച്ചു. മലയാള ഹാസസാഹിത്യകാരനായ സഞ്ജയന്റെ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങൾ തന്മയത്വമായി “വിദൂഷകൻ” എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ച് കാട്ടിയത് പ്രശംസ നേടി.വിദൂഷകനു പുറമേ മറ്റ് മലയാള സിനിമകളിലും വികെപി അഭിനയിച്ചിട്ടുണ്ട്. സിനിമക്ക് പുറമേ നാടകങ്ങളിലും അഭിനേതാവായി രംഗത്തെത്തി. ബാംഗളൂരിൽ ജയപ്രകാശ് കുളൂരിന്റെ 'പായസം' എന്ന നാടകം അവതരിപ്പിച്ചു. ശ്രാദ്ധശേഷം എന്ന നോവൽ കെ വി മോഹൻകുമാർ തന്നെ തിരക്കഥയെഴുതി പുറത്തിറക്കുന്ന മഴനീർത്തുള്ളികൾ എന്ന നായികാപ്രാധാന്യമുള്ള ചിത്രമാണ് വികെപി പുതുതായി ചിത്രീകരിക്കുന്നത്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിൽ വികെപി സംവിധാനം ചെയ്ത ചിത്രങ്ങൾ ഇവയാണ് ഫ്രീകിചക്ര, ഫിർ കഭി, ഇഷ്കെ ധരിയാൻ (ഹിന്ദി) , ഷട്ടർ (മറാത്തി), കാവ്യാസ് ഡയറി (തെലുങ്ക്), ഐദോണ്ട്‌ലാ ഐദു (കന്നഡ).