മനോജ് കെ ജയൻ

Manoj K Jayan
Date of Birth: 
ചൊവ്വ, 15 March, 1966
ആലപിച്ച ഗാനങ്ങൾ: 6

തെന്നിന്ത്യൻ ചലച്ചിത്രനടൻ. പ്രശസ്ത കർണ്ണാടക സംഗീതജ്ഞരായ ജയവിജയന്മാരിലെ ജയന്റെയും അദ്ധ്യാപികയായ സരോജിനിയുടെയും രണ്ടാമത്തെ മകനായി 1966 ജൂൺ 26 ന് കോട്ടയത്ത് ജനിച്ചു.  മനോജ് കെ ജയന്റെ പ്രാഥമിക വിദ്യാഭ്യാസം സെന്റ് ജോസഫ് കോൺവെന്റ് യു പി സ്കൂൾ കോട്ടയം, സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഗവണ്മെന്റ് കോളേജ് നാട്ടകത്തിൽ നിന്നായിരുന്നു അദ്ദേഹം പ്രീഡിഗ്രി പൂർത്തിയാക്കിയത്. അതിനുശേഷം തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ അഭിനയം പഠിക്കുവാൻ ചേർന്നുവെങ്കിലും അത് പൂർത്തീകരിച്ചില്ല.

1987ൽ റിലീസ് ചെയ്ത "എന്റെ സോണിയ" എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന്റെ സിനിമാഭിനയത്തിന്റെ തുടക്കം. അലി അക്ബർ സംവിധാനം ചെയ്ത "മാമലകൾക്കപ്പുറത്ത്" എന്ന സിനിമയായിരുന്നു രണ്ടാമത്തെ സിനിമ. അതിൽ പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും ആ സിനിമ റിലീസ് ആയില്ല. 1990ൽ ഇറങ്ങിയ "പെരുന്തച്ചൻ" 1992ൽ ഇറങ്ങിയ "സർഗ്ഗം" എന്നീ സിനിമകളിലെ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. സർഗ്ഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അദ്ദേഹത്തിനു ലഭിച്ചു. സർഗ്ഗം തെലുങ്കിൽ റീമെയ്ക്ക് ചെയ്തപ്പോഴും അതിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മനോജ് കെ ജയൻ തന്നെയായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ അദ്ദേഹം നായകനായും, ഉപനായകനായും, വില്ലനായും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷക പ്രീതിയാർജ്ജിച്ച ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

മണിരത്നം സംവിധാനം ചെയ്ത "ദളപതി" എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ ജയൻ തമിഴ് സിനിമയിൽ എത്തുന്നത്. തുടർന്ന് തമിഴിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്. ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന സീരിയലിൽ കൂടി,1988ൽ മനോജ്  ടെലിവിഷൻ രംഗത്തും തുടക്കമിട്ടിരുന്നു. തുടർന്ന് അദ്ദേഹം വേറെയും പല സീരിയലുകളിലും അഭിനയിച്ചു.

സർഗ്ഗം, പഴശ്ശിരാജ, കളിയച്ഛൻ - ഈ മൂന്നു സിനിമകളിലെ അഭിനയത്തിനും മനോജ് കെ ജയന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

1999ൽ ആയിരുന്നു മനോജ് കെ ജയൻ വിവാഹിതനാകുന്നത്. പ്രശസ്ത നടി ഉർവശിയായിരുന്നു ഭാര്യ. 2008ൽ അവർ വിവാഹമോചിതരായി. ആ ബന്ധത്തിൽ ഒരു മകളുണ്ട് തേജലക്ഷ്മി.

2011ൽ പുനർവിവാഹിതനായ മനോജ്, ഭാര്യ ആശ മകൻ അമൃത് എന്നിവരൊപ്പം താമസിക്കുന്നു.