ജയപ്രകാശ് കുളൂർ

Jayaprakash Kuloor
Jayaprakash Kuloor
കുളൂർ മാഷ്‌
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

 കോഴിക്കോട് സ്വദേശിയായ പ്രസിദ്ധ നാടക രചയിതാവും നാടക സംവിധായകനും സിനിമാ തിരക്കഥാകൃത്തുമാണ് ജയപ്രകാശ് കുളൂർ. സെന്റ് ജോസഫ് മെയിൽ ഹൈസ്കൂളിലായിരുന്നു ജയപ്രകാശിന്റെ പ്രാഥമിക വിദ്യാഭ്യാസം. മലബാർ കൃസ്ത്യൻ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്,  ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നീ കലാലയങ്ങളിൽ നിന്നായിരുന്നു ഉന്നത് വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസത്തിനുശേഷം ടാക്സ് പ്രാക്റ്റീഷണർ, അഡ്വക്കെറ്റ് എന്നീ നിലകളിൽ ജോലി ചെയ്ത ജയപ്രകാശ് കുറച്ചുകാലം ആൾ ഇന്ത്യ റേഡിയോയിലും പ്രവർത്തിച്ചിട്ടുണ്ട്.

നാടകങ്ങളിലൂടെയാണ് ജയപ്രകാശ് കുളൂർ തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. പത്തൊൻപതാം വയസ്സിലാണ് അദ്ദേഹം തന്റെ ആദ്യത്തെ നാടകമെഴുതിയത്. നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള ജയപ്രകാശിന് കേരള സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2001 -ൽ വക്കാലത്തു നാരായണൻ കുട്ടി എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ടാണ് ജയപ്രകാശ് കുളൂർ ചലച്ചിത്ര മേഖലയിൽ അരങ്ങേറുന്നത്.  2009 -ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് സിനിമാഭിനയത്തിനും തുടക്കമിട്ടു. തുടർന്ന് അന്നയും റസൂലുംടമാാാർ പഠാാാർകിസ്മത്ത്പൊറിഞ്ചു മറിയം ജോസ് എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. 2012 -ൽ വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചത് ജയപ്രകാശ് കുളൂർ ആയിരുന്നു. അതിനുശേഷം നീയും പിന്നെ ഞാനും എന്ന ചിത്രത്തിന് കഥ എഴുതി. കേരളത്തിനകത്തും പുറത്തുമായി നിരവധി നാടക പഠന ക്യാമ്പുകൾ ജയപ്രകാശ് കുളൂരിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കുളൂരിയൻ നാടക കളരികൾ എന്ന പേരിൽ അവ അറിയപ്പെടുന്നു.

ജയപ്രകാശ് കുളൂരിന്റെ ഭാര്യയുടെ പേര് അനുപമ.