ആസിഫ് അലി
മുൻ തൊടുപുഴ മുനിസിപ്പൽ ചെയർമാനായിരുന്ന എം പി ഷൗക്കത്തലിയുടേയും മോളിയുടേയും മകനായി റാന്നിയിൽ ജനനം.
കോളേജ് വിദ്യാഭ്യാസകാലത്ത് പരസ്യങ്ങൾക്ക് മോഡലായി ജോലി ചെയ്തിരുന്ന ആസിഫ് അലിയ്ക്ക് സിനിമയിലേയ്ക്ക് വഴി തുറന്നത് "ഹിമമഴയിൽ" എന്ന ആൽബത്തിലൂടെയാണ്. ആ ആൽബത്തിലെ ആദ്യമായ് എന്ന ഗാനത്തിലെ ആസിഫ് അലിയുടെ പ്രകടനം, 2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഋതു" എന്ന സിനിമയിലെ രണ്ട് നായകരിൽ ഒരാളായി അവസരം നേടിക്കൊടുത്തു. തുടർന്ന്,സത്യൻ അന്തിക്കാടിന്റെ "കഥ തുടരുന്നു", സിബി മലയിലിന്റെ "അപൂർവരാഗം" എന്നിങ്ങനെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. അപൂർവരാഗത്തിലെ നെഗറ്റീവ് വേഷം ശ്രദ്ധിയ്ക്കപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെ അവസരങ്ങൾ ആസിഫിനെ തേടിയെത്തി. ഈ വേഷത്തിന് മികച്ച വില്ലൻ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്(2010),വനിത ഫിലിം അവാർഡ്(2010),കൈരളി ഫിലിം അവാർഡ്(2010), ജയ്ഹിന്ദ് ടിവി അവാർഡ്(2011),കന്യക മിന്നലേ അവാർഡ്(2011) എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങളും നേടി. മലയാളത്തിലെ യുവനായകനിരയിൽ ശ്രദ്ധേയനായ ഒരു നടനാണ് ആസിഫ് അലി ഇന്ന്.
തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ,തൃപ്പൂണിത്തുറ പുത്തങ്കുരിശു രാജർഷി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും പൂർത്തിയാക്കി. കണ്ണൂർ സ്വദേശിനിയായാ സമയാണ് ഭാര്യ. ഇളയ സഹോദരൻ അസ്കർ അലി.
ഫേസ്ബുക്ക്