കല്യാണി മേനോൻ
സ്റ്റുഡിയോകളില്‍ നിന്നും സ്റ്റുഡിയോകളിലേക്ക് ഓടി നടക്കാന്‍ മാത്രം തിരക്കുള്ള ഗായിക ആയിരുന്നില്ല ഒരുകാലത്തും എന്നിരിക്കിലും പാടിയ വളരെക്കുറച്ചു പാട്ടുകള്‍ ഗാനാസ്വാദകരുടെ ഹൃദയത്തില്‍ അത്രമേല്‍ ചേര്ത്തുപിടിക്കപെട്ടവയാണ് എന്നതാണ് കല്യാണി മേനോന് എന്ന ഗായികയുടെ പ്രത്യേകത.
1941 ജൂണ്‍ 23ന് എറണാകുളം കാരയ്ക്കാട്ടു മാറായിൽ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായിട്ടാണ് കല്യാണിക്കുട്ടി എന്ന കല്യാണിമേനോൻ ജനിച്ചത്. സംഗീതഭൂഷണം എം.ആർ. ശിവരാമന് എന്ന അധ്യാപകന്റെ കീഴിലാണ് കര്‍ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ഗാനഗന്ധര്വ്വന് യേശുദാസും ഇതേ സമയം അവിടെ പഠിക്കാന്‍ ഉണ്ടായിരുന്നു. അഞ്ചാം വയസ്സില്‍ തന്നെ ടിഡിഎം ഹാളിൽ നവരാത്രി സംഗീതോൽസവത്തിന് പാടി തുടങ്ങിയിരുന്നു കല്യാണി. മഹാരാജാസ് കോളജിലെ പഠനകാലത്ത് യൂത്ത് ഫെസ്റ്റിവലിൽ പാട്ടിന് ഒന്നാമതെത്തിയ കല്യാണിക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നെഹ്റുവിന്റെ മുന്നിൽ പാട്ടുപാടാൻ അവസരം കിട്ടി. അതു കഴിഞ്ഞ് മഹാരാജാസിൽ നൽകിയ സ്വീകരണമാണ് കല്യാണിമേനോനെ പാട്ടുകാരിയാവാൻ പ്രേരിപ്പച്ചത്. സംഗീത പഠനവും വേദികളില്‍ കച്ചേരികളുമായി മുന്നോട്ട് നീങ്ങി.
ഇതിനിടെ ടിഡിഎം ഹാളിൽ നവരാത്രി സംഗീതോൽസവത്തിന് മധുരമായി പാടിയ കല്യാണിയെ ബോംബെയിൽ നേവിയിൽ ഓഫിസറായിരുന്ന കെ.കെ. മേനോന് ഇഷ്ടപെടുകയും അങ്ങനെ അവരുടെ വിവാഹം നടക്കുകയും ചെയ്തു. അവരൊരുമിച്ചു ബോംബെയില്‍ താമസം ആരംഭിച്ചു. ഭാര്യ ഗായികയാണ് എന്നു പറയുന്നതിൽ അഭിമാനിച്ചിരുന്ന മേനോന് കല്യാണിയുടെ സംഗീതത്തിന് എല്ലാ പിന്തുണയും നല്കി. ഒരിക്കല്‍ ഷൺമുഖാനന്ദഹാളിൽ യേശുദാസിനൊപ്പം പാട്ട് പാടിയ കല്യാണിയെ അവിടെവെച്ചു ഒരു സിനിമാനിര്‍മ്മാതാവ് ശ്രദ്ധിച്ചു. അത് സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.
വി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 1973ല്‍ തോപ്പില്‍ ഭാസിയുടെ അബല എന്ന ചിത്രത്തിന് വേണ്ടി ‘എന്നിനിദർശനം ...’ എന്നു തുടങ്ങുന്ന ഭക്തിതുളുമ്പുന്ന ഗാനം മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ വെച്ച് കല്യാണി മേനോന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപെട്ടു. ഇതേ തുടര്‍ന്ന് കല്യാണി മേനോന് താമസം മദ്രാസിലേക്ക് മാറ്റുകയും ചെയ്തു. ബാബുരാജ്, ഇളയരാജ, എ ടി ഉമ്മര്‍ തുടങ്ങിയവരുടെ ഒക്കെ സംഗീതത്തില്‍ പാടാന്‍ അവസരം കിട്ടി. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ധാരാളം ഭക്തിഗാനങ്ങളും പാടി റെക്കോര്‍ഡ് ചെയ്തു. 1979 ല്‍ ശിവാജി ഗണേശന്റെ ‘നല്ലതൊരു കുടുംബ’മെന്ന സിനിമയിലൂടെയാണ് തമിഴിെല അരങ്ങേറ്റം.
1990കളില്‍ 50 വയസ്സ് പിന്നിട്ട ശബ്ദത്തിലൂടെയാണ് കല്യാണി മേനോന് കൂടുതല്‍ ശ്രദ്ധേയയാകുന്നത്. മലയാളത്തില്‍ വിയറ്റ്നാം കോളനിയിലെ പവനരച്ചെഴുതുന്ന കോലങ്ങളെന്നും ആയിരുന്നു തുടക്കം. പിന്നാലെ റഹ്മാന്റെ സംഗീതത്തില്‍ ധാരാളം പരസ്യ ജിങ്കിളുകളും കാതലന്‍, അലൈപായുതേ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും പാടി കൂടുതല്‍ ശ്രദ്ധ നേടി. മലയാളത്തില്‍ ഏഷ്യനെറ്റിന് വേണ്ടി റഹ്മാന്റെ സംഗീതത്തില്‍ പിറന്ന ' ശ്യാമസുന്ദര കേരകേദാര ഭൂമി ' ആലപിച്ചു മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ശബ്ദമായി അവര്‍ മാറി.
പ്രായം ഏറുംതോറും ആകര്‍ഷണം കൂടിവന്ന ശബ്ദമാണ് കല്യാണി മേനോന്റെത്. പാടി ശ്രദ്ധനേടിയവയില് മിക്ക ഗാനങ്ങളിലും മാറ്റ് ഗായകരുടെ കൂടെ സംഘമായോ അല്ലേല്‍ ചെറിയൊരു താരാട്ട് ഭാഗം, അല്ലെങ്കില്‍ ചെറിയൊരു ക്ലാസിക്കല്‍ ഭാഗം എന്നിവയായിരുന്നു കല്യാണി മേനോന്റെ സംഭാവന. എന്നിട്ടും ഇത്രമാത്രം സംഗീതാസ്വാദകാര്‍ക്ക് അവര്‍ പ്രിയങ്കരി ആയിട്ടുണ്ട് എങ്കില്‍ അവരുടെ ആലാപന സവിശേഷത ആണ് കാരണം.
വാര്‍ധക്യ കാലത്ത് ചില ക്ലാസിക്ക് ഗാനങ്ങള്‍ കൂടി പാടി ഹിറ്റാക്കാന്‍ കല്യാണി മേനോന് കഴിഞ്ഞു. ശ്രീവത്സന്‍ ജെ മേനോന്റെ സംഗീതത്തില്‍ മൈ മദേഴ്സ് ലാപ്ടോപ്പ് എന്ന ചിത്രത്തിലെ ' ജലശൈയ്യയില്‍ ..', 96 എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ' കാതലേ കാതലേ..', ബാലെ എന്ന സ്വതന്ത്രസംഗീത ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ ഒക്കെ പാടി പുതുതലമുറയെ കൂടി തന്റെ ശബ്ദം കൊണ്ടവര്‍ കീഴടക്കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ് കല്യാണി മേനോൻ.
മകന് ചായഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്റെ ' കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേന്‍' എന്ന സിനിമയില്‍ ഒരു ചെറിയ സീനിൽ സംഗീതാധ്യാപികയായി കല്യാണിമേനോൻ വെള്ളിത്തിരയിലും പ്രത്യക്ഷപെട്ടു. ഇതില്‍ നായികയായ ഐശ്വര റായി ഷൂട്ടിംഗ് വേളയില്‍ കല്യാണി മേനോന്റെ പാട്ടിന്റെ ആരാധികയായി മാറുകയും തന്റെ വിവാഹത്തിന് മംഗളം പാടാന്‍ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥന് കരുണ്‍ മേനോന് ആണ് മറ്റൊരു മകന്. മരുമകള്‍ ലത മേനോന് ചലച്ചിത്ര സംവിധായിക ആണ്.
പക്ഷാഘാദത്തെ തുടര്‍ന്ന് കുറച്ചു നാളത്തെ ചികിത്സയില്‍ ഇരിക്കെ 2021 ഓഗസ്റ്റ് 2ന് ചെന്നൈയില്‍ വെച്ച് കല്യാണി മേനോന് അന്തരിച്ചു.