ചിന്മയി

Chinmayi
Date of Birth: 
തിങ്കൾ, 10 September, 1984
ചിന്മയി ശ്രീപാദ
ആലപിച്ച ഗാനങ്ങൾ: 23

ശ്രീപാദയുടെയും ടി. പത്മഹാസിനിയുടെയും മകളായി മുംബയിൽ ജനിച്ചു. ചിന്മയി വളരെ ചെറിയകുട്ടിയായിരുന്നപ്പോൾതന്നെ അച്ഛനും അമ്മയും വേർപിരിയുകയും സംഗീതജ്ഞയും സംഗീത അദ്ധ്യാപികയുമായ അമ്മയോടൊപ്പം ചെന്നെയിലേയ്ക്ക് താമസം മാറുകയും ചെയ്തു. ചിന്മയിയുടെ ആദ്യ ഗുരു അമ്മ തന്നെയായിരുന്നു. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുള്ള ചിന്മയി സൺ ടിവിയുടെ സപ്തസ്വരങ്ങൾ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അതുവഴി ഗായകൻ ശ്രീനിവാസ് ചിന്മയിയെ സംഗീത സംവിധായകൻ ഏ ആർ റഹ്മാന് പരിചയപ്പെടുത്തിക്കൊടുത്തു.

2002 -ൽ കണ്ണത്തിൽ മുത്തമിട്ടാൻ എന്ന തമിഴ് സിനിമയിൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ "ദൈവം തന്ത പൂവേ... എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചിന്മയി ഗാനങ്ങൾ ആലപിച്ചു. തമിഴിലാണ് ചിന്മയി കൂടുതൽ പാടിയിട്ടുള്ളത് എങ്കിലും ഹിന്ദി, തെലുഗു,മലയാളം,കന്നഡ തുടങ്ങിയ ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചു. Sillunu Oru Kathal എന്ന തമിഴ് ചിത്രത്തിൽ നടി ഭൂമിക ചൗളയ്ക്ക് ശബ്ദം നൽകിക്കൊണ്ട് ചിന്മയി സിനിമയിൽ ഡബ്ബിംഗ് രംഗത്തും തുടക്കം കുറിച്ചു. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ അവർ ശബ്ദം പകർന്നു. ടെലിവിഷൻ ഷോകളിലും അവർ സജീവമാണ്. വാൽക്കണ്ണാടി എന്ന സിനിമയിൽ എം ജയചന്ദ്രന്റെ സംഗീതത്തിൽ "കുക്കു കുക്കു കുറുവാലി.. എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചിന്മയി മലയാളത്തിലെത്തുന്നത്. തുടർന്ന് തിളക്കംആടുജീവിതം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. 

2005 -ൽ Blue Elephant എന്ന ട്രാൻസ്ലേഷൻ സർവീസ് കമ്പനി ചിന്മയി ആരംഭിച്ചു. മൾട്ടി നാഷണൽ കമ്പനികൾക്ക് ഭാഷാപരമായ സഹായങ്ങൾ നൽകുന്ന സ്ഥാപനമാണ് ബ്ലു എലഫന്റ്. ഫോർച്യൂൺ/യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഗ്ലോബൽ വിമൻസ് മെൻ്ററിംഗ് പാർട്ണർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ വനിതാ സംരംഭകയായി ബിസിനസ്സ് രംഗത്തും ചിന്മയി ശ്രീപാദ കഴിവ് തെളിയിച്ചു.

2002, 2007, 2010 വർഷങ്ങളിൽ മികച്ച പിന്നണിഗായികയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ചിന്മയി നേടിയിട്ടുണ്ട്.