ഫഹദ് ഫാസിൽ

Fahad Fazil - Actor
Date of Birth: 
തിങ്കൾ, 8 August, 1983

ചലച്ചിത്രനടൻ - പ്രശസ്ത മലയാള സിനിമാ സംവിധായകൻ ഫാസിലിന്റെ മകനായി ആലപ്പുഴയിൽ ജനനം. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ,ഊട്ടിയിലെ ലോറൻസ്,ലൗ ഡേയ്ല് എന്നിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ എസ് ഡി കോളേജിൽ ചേർന്ന് ബി.കോം ബിരുദം കരസ്ഥമാക്കി. ആദ്യ സിനിമയായ “കയ്യെത്തും ദൂരത്തിൽ”നു ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത് വിദേശത്ത് പഠിക്കാൻ പോയി.അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

ആദ്യ സിനിമയിലെ പരാജയം ഫഹദിന്റെ സിനിമാജീവിതത്തിന്  അന്ത്യമാകമെന്ന് കരുതപ്പെട്ടെങ്കിലും ഏഴുവർഷം നീണ്ട ഇടവേളക്ക് ശേഷം 2009ൽ രഞ്ജിത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട കേരള കഫെ എന്ന പത്ത് ചിത്രങ്ങളുടെ സംഘത്തിലെ  മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായി. തുടർന്ന് ബി.ഉണ്ണിക്കൃഷ്ണന്റെ പ്രമാണിയിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.തുടർന്നെത്തിയ "കോക്ക്ടെയിലി"ലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിന്റെ പ്രതിഭകൾ ദൃശ്യമായത്. ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ലാലിന്റെ ടൂർണ്ണമെന്റിലെ വേഷം ശ്രദ്ധേയമായിരുന്നെങ്കിലും സിനിമ പരാജയപ്പെട്ടു. ഫഹദിന്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് തുടർന്നെത്തിയ “ ചാപ്പാ കുരിശ്” “22 ഫീമെയിൽ കോട്ടയം” ഡയമെണ്ട് നെക്ലേയ്സ് എന്ന ചിത്രങ്ങളാണ്. ഈ മൂന്ന് സിനിമകളോടെ മലയാളത്തിലെ പുതു നായക സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് വളരെ ജനപ്രിയ യുവതാരമായി മാറി. സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു.2012ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

കൗതുകങ്ങൾ

  • പുതുതലമുറയുടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്ബുകളുടെയും ന്യൂ ജനറേഷൻ സിനിമകളുടെയും ഇഷ്ടതാരം എന്നതും ഫഹദ് ഫാസിലിന്റെ വിശേഷണങ്ങളിലൊന്നാണ്.ആദ്യ സിനിമയിലെ അഭിനയത്തിൽ അമ്പേ പരാജയപ്പെട്ട ഫഫദിന്റെ ശക്തമായ രണ്ടാം വരവ് കൗതുകമുണർത്തുന്നതാണ്.
  • ഷാനു എന്ന ഓമനപ്പേരായിരുന്നു "കയ്യെത്തും ദൂരത്തിൽ" നായകനായപ്പോൾ സ്വീകരിച്ചിരുന്നത്.ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഷാനു എന്ന വിളിപ്പേര് സിനിമയിൽ ഉപയോഗിച്ചില്ല.രണ്ടാം വരവിൽ ഫഹദ് ഫാസിൽ എന്ന ഔദ്യോഗിക നാമം തന്നെയാണ് തിരഞ്ഞെടുത്തത്.