ഇന്ദ്രൻസ്

Indrans
Indrans
Date of Birth: 
Friday, 16 March, 1956
ഇന്ദ്രൻസ് സുരേന്ദ്രൻ

മലയാള ചലച്ചിത്ര നടൻ. 1956 മാർച്ച് 16നു തിരുവനന്തപുരത്ത് ജനനം. സുരേന്ദ്രൻ കൊച്ചുവേലു എന്നായിരുന്നു യഥാർത്ഥ പേര്. അച്ഛൻ പളവിള കൊച്ചുവേലു, അമ്മ ഗോമതി കുമാരപുരം. ഇന്ദ്രൻസിന് നാലു സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഗവണ്മെന്റ് ഹൈസ്കൂൾ കുമാരപുരത്താണ് ഇന്ദ്രൻസ് പഠിച്ചത്. നാലാംഫോറം വരെ മാത്രമേ അദ്ദേത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. പഠിപ്പുനിർത്തിയ ഇന്ദ്രൻസ് തന്റെ അമ്മാവന്റെ തുന്നൽക്കടയിൽ ജോലിയെടുക്കാൻ തുടങ്ങി. നാടകങ്ങളോട് താത്പര്യമുണ്ടായിരുന്ന ഇന്ദ്രൻസ് അമച്വർ നാടക സമിതികളിൽ ചേർന്നു നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

1981-ൽ ചൂതാട്ടം എന്ന സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. "സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്" എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി. 1990-കളിൽ നിരവധി സിനിമകളിൽ ഇന്ദ്രൻസ് അഭിനയിച്ചു. ആ കാലത്തെ സിനിമകളിലെ ഒരു അവിഭാജ്യഘടകമായിരുന്നു ഇന്ദ്രൻസ്.

2004-ൽ കഥാവശേഷൻ എന്ന സിനിമയിലെ അഭിനയം ഒരു സ്വഭാവനടൻ എന്ന രീതിയിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ഹാസ്യവേഷങ്ങൾ മാത്രമല്ല ഏതു റോളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 2014 ൽ 'അപ്പോത്തിക്കരി'യിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 2018 ൽ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. 350-ൽ അധികം സിനിമകളിലും കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഥാനായകൻ എന്ന സിനിമയിൽ ഇന്ദ്രൻസ് പാടിയിട്ടുണ്ട്. രണ്ട് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്ദ്രൻസിന്റെ ഭാര്യ ശാന്തകുമാരി. രണ്ട് മക്കൾ- മഹിത, മഹേന്ദ്രൻ