ചെങ്കോൽ
നാടുവിറപ്പിച്ച ഗുണ്ടയെ കൊന്ന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു തിരിച്ചെത്തുന്ന യുവാവിന് നേരിടേണ്ടി വരുന്നത് പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്നവരെ മാത്രമല്ല, താൻ കാരണം തകർന്നു പോയ ജീവിതങ്ങളെക്കൂടിയാണ്.
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
1989 ലെ സൂപ്പർ ഹിറ്റ് ചിത്രമായ കിരീടത്തിന്റെ രണ്ടാം ഭാഗം.
എട്ടുവർഷങ്ങൾക്കു മുൻപ് കീരിക്കാടൻ ജോസ് എന്ന ഗുണ്ടയെ കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് സേതുമാധവൻ. പരോളുകൾ പോലും വേണ്ടെന്നു വച്ച് ജയിലിൽ കഴിയുന്ന അയാളെ പഴയ ഓർമ്മകൾ ഉറക്കത്തിലും വേട്ടയാടുന്നു.
സേതുവിൻ്റെ നല്ലനടപ്പു കാരണം ശിക്ഷ ഇളവിന് ജയിലിൽ നിന്ന് സർക്കാരിലേക്ക് ശിപാർശ പോയിട്ടുണ്ട്. സേതു പുറത്തിറങ്ങുമെന്നറിയുന്ന പോലീസും ജാഗ്രതയിലാണ്.
ജോസ് സമ്പാദിച്ചതെല്ലാം ധൂർത്തടിച്ചു ജീവിക്കുകയാണ് സഹോദരൻമാരായ തോമസും സണ്ണിയും ജോയിയും. ജോസിൻ്റെ ഭാര്യയും കുഞ്ഞുങ്ങളും അഭയാർത്ഥികളെപ്പോലെ കഴിയുകയും ചെയ്യുന്നു. ശയ്യാവലംബിയായ, ജോസിൻ്റെ അപ്പന് ഇതിൽ നീരസമുണ്ട്. ജോസിനെ കൊന്ന സേതുമാധവനെ വെട്ടിനുറുക്കണമെന്ന് അയാൾ മക്കളോടു പറയുന്നു.
ജയിൽമോചിതനായ സേതു നാട്ടിലെത്തുന്നു. രോഗശയ്യയിലായ അമ്മ അയാളെക്കാണുന്നതോടെ സന്തോഷവതിയാകുന്നു. പക്ഷേ, തൻ്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ മകനോട് അച്യുതൻ നായർ പുറമെ അടുപ്പം കാണിക്കുന്നില്ല. പോലീസിൽ നിന്ന് വിരമിച്ച ശേഷം, ഇളയമകൾ ലതയ്ക്ക് നാടകം കളിച്ചു കിട്ടുന്ന പ്രതിഫലവും പെൻഷനുമാണ് അയാളുടെ ആകെ വരുമാനം. അതിൽ നിന്നു വേണം മെഡിസിനു പഠിക്കുന്ന ഇളയ മകൻ രമേശൻ്റെ ചെലവുകളുൾപ്പെടെ നടത്താൻ. ജീവിതക്ലേശങ്ങളും മോഹഭംഗങ്ങളും കാരണം അയാളുടെ മനസ്സ് നെരിപ്പോടു പോലെ നീറുകയാണ്.
സേതു മെഡിക്കൽ കോളജിൽ പോയി അനുജനൻ രമേശനെക്കാണുന്നു. അയാൾ കൊടുത്ത പണം സ്വീകരിക്കുമ്പോഴും സ്വന്തം ചേട്ടനാണെന്നു കൂട്ടുകാരോടു പറയാനുള്ള അവൻ്റെ താത്പര്യമില്ലായ്മ കണ്ട അയാൾ ഞെട്ടുന്നു. എല്ലാവർക്കും തൻ്റെ ഭൂതകാലം ബാധ്യതയാണെന്ന തോന്നൽ സേതുവിനുണ്ടാകുന്നു.
താൻ കാരണം തകർന്നു പോയ മനുഷ്യരെക്കുറിച്ചോർത്ത് അയാളുടെ മനസ്സ് വിങ്ങുന്നു. അങ്ങനെയൊരാളെ യാദൃച്ഛികമായി സേതു കാണുന്നു. പണ്ട്, ജോസിൻ്റെ വലംകൈയായിരുന്ന പരമേശ്വരൻ്റെ രണ്ടു കൈകളും സേതു അടിച്ചു തകർത്തതാണ്. കൈകൾക്ക് സ്വാധീനമില്ലാത്ത പരമേശ്വരൻ സൈക്കിൾ വാടകയ്ക്ക് നല്കുന്ന ഒരു കട നടത്തിയാണ് ജീവിക്കുന്നത് തിരിച്ചറിവുകൾ മനസ്സു മാറ്റിയ അയാൾക്കിപ്പോൾ സേതുവിനോട് ഒരു വിരോധവുമില്ല. ജീവിത മാർഗ്ഗം തേടുന്ന സേതുവിന് മീൻ കച്ചവടത്തിനുള്ള സഹായം ചെയ്യാമെന്ന് പരമേശ്വരൻ പറയുന്നു.
പരമേശ്വരനുമായി സംസാരിക്കുന്നതിനിടയിൽ പിന്നിൽ നിന്നാരോ സേതുവിനെ ആക്രമിക്കുന്നു. ജോസിൻ്റെ അനുജൻ ജോയി ആയിരുന്നു അത്. സേതു ജോയിയെ പ്രതിരോധിച്ച് കീഴടക്കുന്നു. അവിടെ നിന്നും പോകുന്ന സേതുവിനെ SI ജോൺ മാത്യു അറസ്റ്റ് ചെയ്യുന്നു. ലോക്കപ്പിൽ വച്ച് SI അയാളെ ക്രൂരമായി മർദ്ദിക്കുന്നു. അച്യുതൻ നായരെ വിളിച്ചു വരുത്തുന്ന SI, മര്യാദയ്ക്ക് ജീവിക്കാൻ മകനോട് പറയണമെന്ന് അയാളെ താക്കീത് ചെയ്യുന്നു.
തൻ്റെ സമാധാനം കളയരുതെന്നും വീട്ടിൽ ഇനി വരരുതെന്നും അച്യുതൻ നായർ മകനോടു പറയുന്നു . അങ്ങനെ പറഞ്ഞതോർത്ത് നെഞ്ചുനീറുമ്പോഴും ദൂരെയെവിടെങ്കിലും പോയി മകൻ രക്ഷപ്പെടട്ടെ എന്ന ചിന്തയാണയാൾക്ക്.
മീൻ കച്ചവടവുമായി സേതു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. ഒരു രാത്രിയിൽ കീരിക്കാടൻമാർ ഏർപ്പാടാക്കിയ ഗുണ്ടകൾ സേതുവിനെ ആക്രമിക്കുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മാരകമായി പരിക്കേറ്റ അയാൾ ഒരു തോട്ടത്തിൽ ബോധരഹിതനായി വീഴുന്നു.
ബോധം തെളിഞ്ഞപ്പോൾ സേതു ഒരു മുറിയിലെ കിടക്കയിലാണ് മുറിവുകൾ ആരോ മരുന്നു വച്ചുകെട്ടിയിട്ടുണ്ട്. ഒരു കൊച്ചു പയ്യൻ വിളിച്ചു കൊണ്ടുവന്ന പെൺകുട്ടി അയാൾക്ക് വെള്ളം കൊടുക്കുന്നു. അമ്മയും മകളും മകനുമാണ് അവിടെത്താമസിക്കുന്നതെന്ന് അയാൾ മനസ്സിലാക്കുന്നു. മുറിവേറ്റ് കിടന്ന അയാളെ എടുത്തു കൊണ്ടുവന്ന് അയല്ക്കാരനായ ഡോക്ടറെക്കൊണ്ട് മുറിവുകൾ വരുന്നു വച്ചുകെട്ടിച്ചതാണ് പെൺകുട്ടി. മുറിയുടെ ചുവരിലെ, ജോസിൻ്റെ പടം കണ്ട് അയാൾ ഞെട്ടുന്നു.
ആ കുടുംബത്തിൻ്റെ പരിചയക്കാരനായ പരമേശ്വരൻ പറഞ്ഞതനുസരിച്ചാണ് സേതുവിനെ അവിടെക്കഴിയാൻ അവർ അനുവദിച്ചത്. പയ്യൻ പോയി പരമേശ്വരനെ വിളിച്ചു കൊണ്ടുവരുന്നു. അയാൾ സേതുവിനെ കൂട്ടിക്കൊണ്ടു പോകുന്നു.
പരമേശ്വരൻ പറഞ്ഞ് ആ കുടുംബത്തെപ്പറ്റി അയാൾ കൂടുതൽ അറിയുന്നു. പണ്ട് ജോസിന് അടുപ്പമുണ്ടായിരുന്ന മാധവിയേയും അവരുടെ മകൾ ഇന്ദുവിനെയും അയാൾ അവിടെക്കൊണ്ടു താമസിപ്പിച്ചതാണ്. ദേവകിയിൽ ഉള്ള ജോസിൻ്റെ മകനാണ് വിനു. താൻ കാരണം ആലംബമറ്റ ജീവിതങ്ങൾ വേറെയുമുണ്ടെന്നുള്ള അറിവ് സേതുവിൻ്റെ ഉള്ള് പൊള്ളിക്കുന്നു.
കീരിക്കാടൻമാരുടെ ആക്രമണത്തെത്തുടർന്ന് ക്ഷമയുടെ വഴി സേതു ഉപേക്ഷിക്കുന്നു. തനിക്കും തൻ്റെ കുടുംബത്തിനും ജീവിക്കാൻ വേണ്ടി പഴയ സേതുവാകാൻ തീരുമാനിക്കുന്ന അയാൾ, പഴയ സഹായി ഹൈദ്രോസിനൊപ്പം നാട്ടിലെ ചാരായ കോൺട്രാക്ടറായ ദിവാകരനെപ്പോയിക്കാണുന്നു. മുൻപ്, സേതു ജയിലിൽ നിന്നു വന്ന സമയത്ത്, തൻ്റെ റേഞ്ചിലെ കള്ളവാറ്റുകാരെ ഒതുക്കാൻ അയാളുടെ സഹായം ദിവാകരൻ തേടിയിരുന്നു. അന്നതു നിരസിച്ചതാണയാൾ. 'ജോസിനെക്കൊന്ന സേതു' എന്ന ഭയം അയാൾക്കു നേരെ നടന്ന ആക്രമണത്തോടെ ഇല്ലാതായെന്നും അതു തിരിച്ചുപിടിക്കണമെന്നും ദിവാകരൻ പറയുന്നു. കീരിക്കാടൻമാരെ സേതു ആക്രമിച്ചു പരിക്കേൽപിക്കുന്നു. അതോടെ അയാൾ വീണ്ടും നാട്ടുകാർക്ക് പേടിസ്വപ്നമാവുന്നു.
ഒരു രാത്രിയിൽ സേതു ഇന്ദുവിൻ്റെ വീട്ടിലെത്തി കീരിക്കാടനെക്കൊന്നതിന് മാധവിയോടും മകളോടും മാപ്പു പറയുന്നു. താൻ കുടുംബം നോക്കിക്കൊള്ളാം എന്നു പറഞ്ഞ് അയാൾ കുറച്ചു പണം കൊടുത്തെങ്കിലും അവർ വാങ്ങുന്നില്ല. എങ്കിൽ ഇന്ദുവിനെ താൻ വിവാഹം കഴിക്കാം എന്നയാൾ പറയുന്നു. കോപാകുലയായ മാധവി അയാളോട് മേലിൽ വീട്ടിൽ വരരുതെന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നു.
ദിവാകൻ്റെ ഹോട്ടലിൽ വച്ച്, അയാളുടെ മുറിയിലേക്ക് കയറിപ്പോകുന്ന ലതയെ ഹൈദ്രോസ് കാണുന്നു. വിവരമറിഞ്ഞെത്തുന്ന സേതു അവളെത്തല്ലുന്നു. അതിനിടയിൽ അടുത്ത മുറിയിൽ നിന്നിറങ്ങി വരുന്ന അച്യുതൻ നായരെ കാണുന്ന സേതു തകർന്നു പോവുന്നു.
ഉഷയെ തിരികെ വീട്ടിൽ കൊണ്ടു വിടുന്ന സേതു അച്ഛനിങ്ങനെ ആയതിൽ രോഷം കൊള്ളുന്നു. എന്നാൽ രമേശന് വേണ്ട പണമുണ്ടാക്കാൻ താനാണ് പിഴച്ച വഴി തിരഞ്ഞെടുത്തതെന്നും അതിറഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവൾ പറയുന്നു. അച്ഛൻ പാവമാണെന്നും ഗത്യന്തരമില്ലാഞ്ഞിട്ടാണ് ഇതിന് കൂട്ടുനിൽക്കുന്നതെന്നും അവൾ പറയുന്നത് കേട്ടിട്ട് അയാൾ ഖേദിക്കുന്നു. അതിനിടയിൽ അച്യുതൻ നായർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച വാർത്തയെത്തുന്നു.
അച്ഛൻ്റെ മരണത്തെത്തുടർന്ന് സേതു കുടുംബഭാരമേല്ക്കുന്നു. കൃഷ്ണമ്മാവൻ പറഞ്ഞതനുസരിച്ച് വീട് വിറ്റ് തറവാട്ടിലേക്ക് മാറുന്നു എല്ലാവരും. അടിപിടിയും കൂലിത്തല്ലും നിറുത്തി ഇന്ദുവിനെ വിവാഹം കഴിക്കാൻ സേതു തീരുമാനിക്കുന്നു.
ഇതിനിടെ, കൊലപാതകക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തു വന്ന, കീരിക്കാടൻ്റെ അനുജൻ ആൻറണി സേതുവിനെ കൊല്ലാനുള്ള പുറപ്പാടിലാണ്.
ഇന്ദുവുമായുള്ള വിവാഹം ഉറപ്പിക്കാൻ കൃഷ്ണമ്മാവനും ഭാര്യയും ലതയും മാധവിയുടെ വീട്ടിലെത്തുന്നു. എന്നാൽ അവിടെയെത്തുന്ന ആന്റണി അവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്നു.
വിവരങ്ങളറിഞ്ഞ സേതു ഇന്ദുവിനെ വിളിച്ചിറക്കിക്കൊണ്ടുവരാൻ മാധവിയുടെ വീട്ടിലേക്ക് പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പാതിരാ പാൽക്കടവിൽകല്യാണി |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ്, സുജാത മോഹൻ |
2 |
മധുരം ജീവാമൃത ബിന്ദുപീലു |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ് |
3 |
മധുരം ജീവാമൃത ബിന്ദു (F)പീലു |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |