ആനന്ദവല്ലി

Anandavally
Date of Birth: 
തിങ്കൾ, 14 January, 1952
Date of Death: 
Friday, 5 April, 2019
ആനന്ദവല്ലി സി ആർ

മണിപ്പുഴവീട്ടിൽ രാമൻ പിള്ളയുടേയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി 1952 ജനുവരി 14ന് കൊല്ലം വെളിയത്ത് ജനിച്ചു. കലയിലുള്ള അച്ഛന്റെ താൽപര്യം ആനന്ദവല്ലിയെ കലാരംഗത്ത് എത്തിച്ചു.  ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂളിലെ അധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. തന്റെ കൂട്ടുകാരിയുടെ, കഥാപ്രാസംഗികനായ പിതാവിൽ നിന്നും കഥാപ്രസംഗം പഠിക്കുകയും പതിമൂന്നാം വയസ്സിൽ ആദ്യമായി വെളിയത്ത് കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. രമണന്‍, ആയിഷ, ചണ്ഡാലഭിക്ഷുകി തുടങ്ങി നിരവധി കഥകൾ പല വേദികളിൽ ആനന്ദവല്ലി ആ കാലത്ത് അവതരിപ്പിച്ചു. അതിനിടയിൽ നാടകത്തിൽ അഭിനയിക്കാൻ നടിയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് പോയെങ്കിലും അവിടുത്തെ ചുറ്റുപാടുകൾ ഇഷ്ടപ്പെടാതെ തിരികെ പോന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം തേടി മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ പോയി സുബ്രഹ്മണ്യം മുതലാളിയെ കണ്ടുവെങ്കിലും അദ്ദേഹം അവരെ മടക്കിയയച്ചു.

നാട്ടിലെ നാടകങ്ങൾക്ക് പിന്നണി പാടിക്കൊണ്ടിരുന്ന സമയത്ത്, പതിനാലാം വയസ്സിൽ പ്രൊഫഷണൽ നാടരംഗത്തേക്ക് അവർ കടന്നു വന്നു. അതിനു നിമിത്തമായത് അച്ഛന്റെ സുഹൃത്ത് കൂടിയായ കാവൽ സുരേന്ദ്രനായിരുന്നു. 1969 ൽ കോട്ടയം ചെല്ലപ്പന്റെ ചിതലു കയറിയ ഭൂമി എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നണി പാടാനാണ് അവിടെയെത്തിയതെങ്കിലും നായികയായി അഭിനയിക്കേണ്ട നടി വരാത്തത് കൊണ്ട് ആനന്ദവല്ലിക്ക് നറുക്ക് വീഴുകയായിരുന്നു. ആ നാടകത്തിന്റെ ആദ്യ പ്രദർശനം കാണാൻ വന്ന ഒ മാധവനും വിജയകുമാരിയും അവരെ ഗ്രീൻ റൂമിൽ ചെന്ന് അഭിനന്ദിക്കുകയും കാളിദാസ കലാകേന്ദ്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ കെ ടി മുഹമ്മദിന്റെ മുത്തുച്ചിപ്പി എന്ന നാടകത്തിൽ മണവാളൻ ജോസഫിന്റെ സഹോദരിയായി ആദ്യ വേഷം. നാടകരംഗത്ത് സജീവമായതോടെ പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ശബ്ദം കൈകാര്യം ചെയ്യുന്ന രീതിയും ശബ്ദ നിയന്ത്രണവും കെ ടിയിൽ നിന്നും അവർ പഠിച്ചു. 1970ല്‍  19-ാം വയസ്സില്‍ ആനന്ദവല്ലി അകന്ന ബന്ധു കൂടിയായ ചന്ദ്രശേഖരപിള്ളയെ വിവാഹം കഴിച്ചു. അതിനു ശേഷം തിരുവനന്തപുരത്ത് കെപിഎസി സണ്ണിയുടെ ട്രൂപ്പിൽ അഭിനയിച്ചു തുടങ്ങി.

നാടകത്തിനായി തിരുവനന്തപുരത്ത് താമസമാക്കിയ സന്ദർഭത്തിലാണ് കെ പി എ സിയിൽ നിന്നും ക്ഷണം ലഭിക്കുന്നത്. ആദ്യം അഭിനയിച്ച നാടകം അഗ്നിപർവ്വതമായിരുന്നു. കണിയാപുരം രാമചന്ദ്രന്റെ എനിക്ക് മരണമില്ല എന്ന നാടകത്തിലെ അഭിനയത്തിന് ആനന്ദവല്ലിക്ക് 1978ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കെ പി എ സി പ്രേമചന്ദ്രനായിരുന്നു അവരുടെ നായകൻ. അശ്വമേധം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയവ ആനന്ദവല്ലി അഭിനയിച്ച പ്രശസ്ത നാടകങ്ങളാണ്. നാലുവര്‍ഷത്തോളം കെപിഎസിയില്‍ അഭിനയിച്ചു.  കെ പി എ സിയിൽ വച്ച് തോപ്പിൽ ഭാസിയുമായുള്ള പരിചയമാണ് ആനന്ദവല്ലിയെ സിനിമയിൽ എത്തിച്ചത്. അദ്ദേഹം തിരക്കഥയെഴുതിയ ഏണിപ്പടികൾ എന്ന ചിത്രത്തിലാണ് അവർ ആദ്യം അഭിനയിച്ചത്. മധു, ശാരദ, അടൂർ ഭാസി എന്നിവർക്കൊപ്പം ഒരു ചെറു വേഷമാണ് അവർ ആ ചിത്രത്തിൽ കൈകാര്യം ചെയ്തത്. ആദ്യ സിനിമയ്‌ക്ക് ശേഷം മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ ഒരു ജോലിക്ക് ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല. ആ സമയം കെ പി എ സിയിൽ നിന്നും മാറി കോട്ടയം നാഷണൽ തീയേറ്ററിൽ അവർ അഭിനയിച്ചു തുടങ്ങി. അതിനു ശേഷം ഏതാനും അമച്വര്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ അവർക്ക് അവസരം ലഭിച്ചു. പി കെ വേണുക്കുട്ടന്‍നായര്‍ , പി സി സോമന്‍ , ലീല പണിക്കര്‍ എന്നിവർക്കൊപ്പം സി എന്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു.  ടി എന്‍ ഗോപിനാഥന്‍നായരുടെ സാക്ഷി എന്ന നാടകത്തില്‍ നെടുമുടി വേണു, ആറന്മുള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു.

നാടകങ്ങളിൽ അഭിനയിക്കുന്നതിനിടയിൽ വീണ്ടും സുബ്രഹമണ്യം മുതലാളിയെ കാണുവാൻ മെറിലാൻഡ് സ്റ്റുഡിയോയിൽ പോകുകയും, കാട് എന്ന ചിത്രത്തിൽ ഒരു ചെറു വേഷം ആനന്ദവല്ലിക്ക് ലഭിക്കുകയും ചെയ്തു. ആ സമയത്ത് അവരുടെ ഭർത്താവിന് മെറിലാൻഡ് സ്റ്റുഡിയോയിൽ മാനേജരായി ജോലി ലഭിക്കുകയും ചെയ്തു. പിന്നീട് ദേവി കന്യാകുമാരിയിൽ ഒരു വേഷം ലഭിച്ചു. ആ ചിത്രത്തിൽ അഭിനയിച്ച ഗ്രേസിക്കു വേണ്ടി സുബ്രഹ്മണ്യം മുതലാളിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ആദ്യം ഡബ്ബ് ചെയ്യുന്നത്. പിന്നീട് റൗഡി രാജമ്മയിൽ ജയപ്രഭയക്ക് വേണ്ടി ശബ്ദം നൽകി. രാമു കാര്യാട്ട് ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിക്കാനായി വിളിച്ചുവെങ്കിലും കപ്പലിൽ കയറാനുള്ള പേടി മൂലം പോയില്ല, പക്ഷേ ആ ചിത്രത്തിലെ നായികയ്‌ക്ക് ആനന്ദവല്ലി ശബ്ദം നൽകി. ഹൃദയം ഒരു ക്ഷേത്രം, ശ്രീ മുരുകൻ, ഭാര്യ ഇല്ലാത്ത രാത്രി, യൗവനം തുടങ്ങി 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

1978 ൽ കൂടുതൽ സിനിമകളിൽ ഡബ്ബ് ചെയ്യാനുള്ള സൌകര്യത്തിനായി അവർ ചെന്നൈയിലേക്ക് താമസം മാറി. ഒരു വർഷത്തിൽ നൂറിലധികം ചിത്രങ്ങൾ പുറത്തു വന്നിരുന്ന ആ കാലഘട്ടത്തിൽ മിക്ക സിനിമകളിലും അവർ ശബ്ദം നൽകി. പല ചിത്രങ്ങളിലും ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ക്ക് അവർ ശബ്ദം നല്‍കി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ ജയറാമിന് ശബ്ദം നൽകിയത് ശ്രദ്ധിക്കപ്പെട്ടതോടെ  ഏറ്റവും തിരക്കുള്ള ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി ആനന്ദവല്ലി മാറി.  ഇതിനിടയിൽ കുറച്ചു കാലം ആകാശവാണിയിൽ അനൗൺസറായും ജോലി നോക്കി. 1985 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ ഒരു ദിവസത്തിൽ ഏഴു മുതൽ 8 വരെ സിനിമകൾക്ക് അവർ ഡബ്ബിംഗ് ചെയ്തിട്ടുണ്ട്. ഷാജി കൈലാസിന്റെ സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന ചിത്രത്തിൽ, ഗീത, സുചിത്ര, കോഴിക്കോട് വിലാസിനി (തിരുത്തിയാട് വിലാസിനി) എന്നിവരുടേതടക്കം അഞ്ചു കഥാപാത്രങ്ങൾക്കായി അവർ ശബ്ദം നൽകി. നായികയിൽ ശാരദയ്‌ക്കും പത്മപ്രിയയ്‌ക്കും വേണ്ടി ശബ്ദം നൽകി. വിജി തമ്പിയുടെ കാലാൾപട എന്ന ചിത്രത്തിൽ രഞ്ജിനിക്കും ഒരു പുരുഷ കഥാപാത്രത്തിനും വേണ്ടി അവർ ശബ്ദം നൽകിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിലധികം കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്. ഗീത മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾക്കെല്ലാം ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്, അതു പോലെ സിൽക്ക് സ്മിതയ്‌ക്കും. 1992 ആധാരം എന്ന ചിത്രത്തിലെ ഡബ്ബിംഗിനു (ഗീത) കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരെ തേടിയെത്തി.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ ജയറാം, മണിവത്തൂരിലെ ശിവരാത്രികളിൽ സുഹാസിനി, പഞ്ചാഗ്നിയിൽ ഗീത, സുകൃതത്തിൽ ഗൌതമി, ഭരതത്തിൽ ലക്ഷ്മിക്ക്, കന്മദത്തിലെ മുത്തശ്ശി, ആകാശദൂതിലെ മാധവി എന്നിവ ആനന്ദവല്ലിയുടെ കരിയറിലെ ശ്രദ്ധേയമായ പ്രകടനങ്ങളാണ്. ലക്ഷ്മി, അംബിക, സരിത, രേഖ, ഉർവശി, മേനക, പൂർണ്ണിമ ജയറാം, സുമലത, ചിത്ര, മാധവി, ജയപ്രദ, സുകന്യ, സുഹാസിനി, ഭാരതി, ഭാനുപ്രിയ, രേവതി, രഞ്ജിനി, മോഹിനി, നന്ദിത ബോസ്,  വിനയപ്രസാദ്, കനക, ഖുശബൂ, ഊർമ്മിള ഉണ്ണി, ഉണ്ണി മേരി, ശാന്തി കൃഷ്ണ തുടങ്ങി ആനന്ദവല്ലി ശബ്ദം നൽകിയ നടികളുടെ നിര വളരെ നീണ്ടതാണ്. 3700 ൽ അധികം ചിത്രങ്ങളിൽ ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. ഷീലക്കു വേണ്ടി വെളുത്ത കത്രീന എന്ന സീരിയലിൽ ശബ്ദം നൽകി. സ്നേഹക്കൂട്, ആകാശദൂത്, കഥയിലെ രാജകുമാരി, ശ്രീപത്മനാഭന്‍ തുടങ്ങി നിരവധി സീരിയലുകൾക്കും അവർ ശബ്ദം നൽകി.

മകൻ ദീപന്റെ മരണ ശേഷം രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും, തലച്ചോറില്‍ പെട്ടെന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് 2019 ഏപ്രിൽ 5 ന് അവർ അന്തരിച്ചു.

മക്കൾ : സംവിധായകൻ ദീപൻ, അനുലക്ഷ്മി