സുകന്യ

Sukanya

തെന്നിന്ത്യൻ ചലച്ചിത്ര താരം. ഭരത നാട്യം നർത്തകിയായ സുകന്യ 1991 ലാണ് ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. പുതുനെല്ലു പുതു നാടു എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. നായികയായിട്ടായിരുന്നു തുടക്കം. താമസിയാതെ തമിഴിലെ മുൻ നിര താരമായി സുകന്യ വളർന്നു. തമിഴിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചു.

 ഐ വി ശശി സംവിധാനം ചെയ്ത അപാരത എന്ന ചിത്രത്തിലൂടെ 1992 ലാണ് സുകന്യ മലയാളത്തിലെത്തുന്നത്. തുടർന്ന് സാഗരം സാക്ഷി, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്..  എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ നായികയായി. ചിന്ന ഗൗണ്ടർ എന്ന സിനിമയിലെ അഭിനയത്തിന് 1992 ൽ മികച്ച നടിയ്ക്കുള്ള തമിഴ് നാട് ഗവണ്മെന്റിന്റെ പുരസ്ക്കാരം നേടിയിട്ടുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സിനുള്ള മലയാളം ഫിലിംഫെയർ അവാർഡ് സുകന്യ കരസ്ഥമാക്കി.

തെലുങ്ക്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ നന്ദിതാ ദാസിന് ശബ്ദം പകർന്ന് സുകന്യ ഡബ്ബിംഗിലും തന്റെ കഴിവു തെളിയിച്ചു. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും ഷോകളിലും സജീവമാണ്. നല്ലൊരു നർത്തകി കൂടിയായ സുകന്യ ഇന്ത്യക്കകത്തും വിദേശത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിയ്ക്കുന്നുണ്ട്.