പത്മപ്രിയ
പത്മപ്രിയ ജാനകിരാമൻ എന്ന പത്മപ്രിയ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറെയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.
1980 ൽ ജാനകിരാമൻ-വിജയ ദമ്പതികളുടെ മകളായി ഡൽഹിയിൽ ജനനം. ആർമി ഓഫീസറായിരുന്ന പിതാവിനോടൊപ്പം നിരവധി സ്ഥലങ്ങളിൽ താമസിച്ച പത്മപ്രിയയുടെ സ്കൂൾ പഠനം പഞ്ചാബിലും ആന്ധ്രയിലുമായിരുന്നു. പിന്നീട് ബികോം, എം.ബി.എ. എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ പത്മപ്രിയ ജി ഇ എന്ന മൾട്ടിനാഷണൽ കമ്പനിയിൽ ജോലിക്കു ചേർന്നു. ജി ഇ യിൽ നിന്നും വിട്ട് സിംഫണിയിൽ ചേർന്ന പത്മപ്രിയ ബാംഗ്ലൂരിലേക്ക് താമസം മാറി. 2001ൽ മിസ്സ് ആന്ധ്രാപ്രദേശ് പട്ടം നേടിയ പത്മപ്രിയ ബാംഗ്ലൂരിൽ വച്ച് മോഡലിംഗിൽ ശ്രദ്ധ പതിപ്പിക്കുകയും അതുവഴി സിനിമാരംഗത്ത് എത്തിച്ചേരുകയും ചെയ്തു.
നാട്യ ബ്രഹ്മ ശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200 ൽ അധികം വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്.