ജയപ്രദ

Jayaprada
Date of Birth: 
ചൊവ്വ, 3 April, 1962

ഇന്ത്യൻ ചലച്ചിത്ര നടി. 1962 ഏപ്രിലിൽ കൃഷ്ണ റാവുവിന്റെയും നീലവേണിയുടെയും മകളായി ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ ജനിച്ചു. അച്ഛൻ കൃഷ്ണ റാവു തെലുങ്കു സിനിമ ഫിനാൻസിയറായിരുന്നു. കുട്ടിക്കാലം മുതൽക്കുതന്നെ ജയപ്രദ നൃത്തം അഭ്യസിച്ചിരുന്നു. 1974- ൽ Bhoomi Kosam എന്ന തെലുങ്കു സിനിമയിൽ ഒരു രംഗത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് ജയപ്രദ സിനിമയിൽ പ്രവേശിയ്ക്കുന്നത്. 1976- ൽ  Anthuleni Katha എന്ന തെലുങ്കു സിനിമയിൽ നായികയായി. 1977- ൽ  Seetha Kalyanam എന്ന സിനിമയിൽ സീതാദേവിയായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടി. 1977-ൽ  Sanadi Appanna എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായികയേയിക്കൊണ്ട് ജയപ്രദ കന്നഡ സിനിമയിലും എത്തി. 1979- ൽ Ninaithale Inikkum എന്ന സിനിമയിലൂടെ ജയപ്രദ തമിഴ് സിനിമാലോകത്തേയ്ക്ക് പ്രവേശിച്ചു. 1983- ൽ  Saagara Sangamam എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തെലുങ്കു നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ജയപ്രദയ്ക്ക് ലഭിച്ചു.

 ഒരു കന്നട ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മിച്ചപ്പോൾ ജയപ്രദ ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്നത് 1979- ലാണ് Sargam എന്ന ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചു.  ജയപ്രദ മലയാള സിനിമയിൽ എത്തുന്നത് 1985-ൽ ഇറങ്ങിയ ഇനിയും കഥ തുടരും എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ്. പിന്നീട് 2000- ത്തിൽ മോഹൻലാൽ നായകനായ ദേവദൂതനിൽ  അഭിനയിച്ചു. 2004-ൽ ഈ സ്നേഹ തീരത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2011- ൽ മോഹൻലാലിനോടൊപ്പം പ്രണയം എന്ന സിനിമയിൽ അഭിനയിച്ചു.  തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ വിവിധ ഭാഷാ സിനിമകളിൽ അവയിലെ മുൻ നിര നായകൻ മാരുടെ നായികയായി നിരവധി ചിത്രങ്ങളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1986- ൽ ജയപ്രദ നിർമ്മാതാവ് ശ്രികാന്ത് നഹതയെ വിവാഹം ചെയ്തു. പക്ഷെ, അദ്ദേഹം ഒരു കല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളുള്ള ഒരാളായതു കൊണ്ട് ഈ വിവാഹം വളരെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. ജയപ്രദയ്ക്ക് കുട്ടികളില്ലാത്തതിനാൽ അവരുടെ സഹോദരിയുടെ ഒരു മകനെ അവർ ദത്തെടുത്തു വളർത്തുന്നു. 

ജയപ്രദ സിനിമയിലഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലിറങ്ങി. 1994- ൽ തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. 1996- ൽ രാജ്യസഭ മെംബറായി. കുറച്ചു വർഷങ്ങൾക്കുശേഷം തെലുങ്കുദേശം പാർട്ടി വിട്ട ജയപ്രദ സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004- ൽ റാം പൂറിൽ നിന്നും എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. 2009- ൽ വീണ്ടും എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ ആർ എൽ ഡിയിൽ ചേർന്ന ജയപ്രദ ആ വർഷത്തെ ഇലക്ഷനിൽ പരാജയപ്പെട്ടു.  2019- ൽ ജയപ്രദ ബി ജെപിയിൽ അംഗത്വമെടുത്തു.