മേഘനാഥൻ

Meghanathan

മലയാള ചലച്ചിത്ര നടൻ.  പ്രശസ്ത നടൻ  ബാലൻ കെ നായരുടെയും  ശാരദ നായരുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ചെന്നൈ ആശാൻ മമ്മോറിയൽ അസോസിയേഷനിൽ നിന്നായിരുന്നു മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരിൽ നിന്നും ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കഴിഞ്ഞു. അച്ഛൻ ബാലൻ കെ നായർ മുഖാന്തിരം സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന മേഘനാദൻ,1983-ൽ പ്രശസ്ത സംവിധായകൻ പി എൻ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ൽ ഐ വി ശശിയുടെ ഉയരങ്ങളിൽ, 1986-ൽ ഹരിഹരന്റെ പഞ്ചാഗ്നി എന്നീ സിനിമകളിൽ അഭിനയിച്ചു.

പിന്നീട് 1993-ൽ ചെങ്കോൽ, ഭൂമിഗീതം എന്നീ സിനിമകളിൽ അഭിനയിച്ചു. മേഘനാദൻ അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1996-ൽ കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയിൽ മേഘനാദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 2016-ൽ റിലീസ് ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാദന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. 

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ അമ്മയോടും,ഭാര്യയോടും,മകളോടുമൊപ്പം താമസിയ്ക്കുന്ന മേഘനാദൻ നല്ലൊരു കർഷകൻ കൂടിയാണ്.  മേഘനാദന്റെ ഭാര്യ സുസ്മിത, മകൾ പാർവതി.