ശ്രീനാഥ്

Sreenath
Date of Birth: 
Sunday, 26 August, 1956
Date of Death: 
Friday, 23 April, 2010

മലയാള ചലച്ചിത്രനടൻ. തൃശ്ശൂർ ജില്ലയിലെ കുഴൂരിൽ കമലാലയത്തിൽ (തോപ്പിൽ ഇഞ്ചിയൂർ വീട്ടിൽ) ബാലകൃഷ്ണൻ‌നായരുടെയും കമലാദേവിയുടേയും മകനായി 1956 ഓഗസ്റ്റ് 26-ന് ജനിച്ചു. 1980-ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം... തുടങ്ങി കുറച്ചു സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു.  കൂടാതെ സഹനായകനായും സ്വഭാവ നടനായും നൂറിലധികം സിനിമകളിൽ ശ്രീനാഥ് അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കുറഞ്ഞപ്പോൾ അദ്ദേഹം ടെലിവിഷൻ സീരിയലുകളിലേയ്ക്ക് മാറി. സീരിയലുകളിൽ മികച്ച വേഷങ്ങളിലൂടെ ശ്രീനാഥ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി. 

പ്രശസ്ത നടി ശാന്തീകൃഷ്ണയെയായിരുന്നു ശ്രീനാഥ് വിവാഹം ചെയ്തിരുന്നത്. ശ്രീനാഥും ശാന്തീകൃഷ്ണയും നായികാനായകൻമാരായി ഒന്നിച്ച് ചില സിനിമകളിൽ അഭിനയിച്ചിരുന്നു. അതിനെത്തുടർന്ന് അവർ പ്രണയത്തിലാകുകയും 1984-ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ അവരുടെ കുടുംബജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് 1995-ൽ അവർ വിവാഹ മോചിതരായി. ശ്രീനാഥ് പിന്നീട് ലതയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ അവർക്ക് ഒരു മകനുണ്ട്. വിശ്വജിത്ത് ശ്രീനാഥ്.

ശ്രീനാഥ് രാഷ്ട്രീയത്തിൽ ഇറങ്ങുകയും 2009-ൽ ശിവസേനയുടെ സ്ഥാനാർത്തിയായി ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിയ്ക്കുകയും ചെയ്തിട്ടുണ്ട്.  2009-ൽ കേരളകഫേ എന്ന ചിത്രത്തിലാണ് ശ്രീനാഥ് അവസാനമായി അഭിനയിക്കുന്നത്. 2010 ഏപ്രിൽ 23-ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ വെച്ച് ശ്രീനാഥിനെ മരിച്ച നിലയിൽ കാണപ്പെടുകയാണുണ്ടായത്.

അവാർഡുകൾ -  Kerala State Television Awards Best Actor 2000