ഹരി

Hari

1955 ൽ പുറത്തു വന്ന ഹരിശ്ചന്ദ്ര എന്ന മലയാള സിനിമയിൽ തിക്കുറുശ്ശി അവതരിപ്പിച്ച  ഹരിശ്ചന്ദ്ര മഹാരാജാവിന്റെ മകനായ ലോഹിതാക്ഷൻ എന്ന ബാലനെ അവതരിപ്പിച്ചു കൊണ്ട് വെള്ളിത്തിരയിലേയ്ക്ക് കടന്നുവന്ന അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഹരി എന്ന ഹരികേശൻ തമ്പി.

ലോഹിതാക്ഷൻ എന്ന കഥാപാത്രത്തിനു ശേഷം അവകാശി, മന്ത്രവാദി, ബാല്യകാലസഖി, സീത തുടങ്ങിയ സിനിമകളിൽ ബാലതാരമായി ഹരികേശൻ തമ്പി വേഷമിട്ടു. പിന്നീട് മുതിർന്നപ്പോൾ ഉണ്ണിയാർച്ച, കടത്തുകാരൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷം ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേർസ് എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചു.

ആ കാലഘട്ടത്തിലാണ് ഹരി സിനിമയിലെ ഡബ്ബിംഗ് മേഖലയിലേക്ക് വരുന്നത്. ഈ കാലഘട്ടത്തിൽ പി.എ.ബക്കറിന്റെ മണിമുഴക്കം (1976) ചാപ്പ (1982) എന്നീ രണ്ടു സിനിമകളിലെ കഥാപാത്രങ്ങൾ വളരെ ശക്തമായിരുന്നു.

ചിരഞ്ജീവി, നാഗാർജ്ജുന, കൃഷ്ണ, മോഹൻ ബാബു, അംബരീഷ്, വിഷ്ണുവർദ്ധൻ, തുടങ്ങിയ സൂപ്പർതാരങ്ങൾ ഹരിയുടെ ശബ്ദത്തിലൂടെ  മലയാളം സംസാരിച്ചു.
മലയാള നടന്മാരിൽ ഷാനവാസ്, ശങ്കർ, ക്യാപ്റ്റൻ രാജു, ദേവൻ തുടങ്ങിയ നടന്മാർക്കു വേണ്ടിയും ഹരി ഡബ്ബ് ചെയ്തിട്ടുണ്ട്.