വിഷ്ണുവർദ്ധൻ

Vishnuvardhan
Date of Birth: 
തിങ്കൾ, 18 September, 1950
Date of Death: 
Wednesday, 30 December, 2009

കർണ്ണാടകയിലെ മൈസൂരിലാണ് സമ്പന്ത് കുമാർ എന്ന വിഷ്ണുവർദ്ധൻ ജനിച്ചത്. 1971 -ൽ വംശവൃക്ഷ എന്ന സിനിമ ബി വി.ക്രാന്ത്, ഗിരീഷ് കർണാട് എന്നിവർ സംവിധാനം ചെയ്ത വംശവൃക്ഷ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് വിഷ്ണുവർദ്ധൻ ചലച്ചിത്രാഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് 1972 -ൽ നാഗരഹാവു എന്ന സിനിമയിൽ നായകനായി. ഈ സിനിമയുടെ സംവിധായകനായ പുട്ടണ്ണകനഗൽ ആണ് സമ്പന്ത്കുമാറിന് വിഷ്ണുവർദ്ധൻ എന്ന പേരിടുന്നത്. നാഗരഹാവുവിലെ അഭിനയത്തിന് വിഷ്ണുവർദ്ധനന് മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരവും ലഭിച്ചു.

ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുവർദ്ധൻ ഏഴു തവണ മികച്ച നടനുളള കർണാടക സർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയർ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന പിന്നണിഗായകൻ കൂടിയായിരുന്നു. ഭക്തി ഗാന ആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആൽബം അയ്യപ്പസ്തുതി ഗീതങ്ങളാണ്. 1981 -ൽ എ ബി.രാജ് സംവിധാനം ചെയ്ത് പ്രേംനസീർ നായകനായ അടിമച്ചങ്ങല എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു വിഷ്ണുവർദ്ധൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. അതിനുശേഷം 1992 -ൽ കൗരവർ എന്ന ജോഷി - മമ്മൂട്ടി ചിത്രത്തിൽ സുപ്രധാന വേഷം ചെയ്തു. 1993 -ൽ ശബരിമലയിൽ തങ്കസൂര്യോദയം എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. വിഷ്ണുവർദ്ധൻ നായകനായ നിരവധി കന്നഡ സിനിമകൾ മലയാളത്തിൽ ഡബ്ബ് ചെയ്ത് റിലീസായിട്ടുണ്ട്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകൾ കന്നഡയിൽ പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവർദ്ധൻ ആയിരുന്നു നായകൻ. 

2009 -ൽ ഹൃദയാഘാതത്തെ തുടർന്ന് വിഷ്ണുവർദ്ധൻ അന്തരിച്ചു. യാത്രാമൊഴി, നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് കീർത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളർത്തുമക്കൾ ഉണ്ട്.