ഒരുനാളാരോ ചൊല്ലി... (നാദം)

Orunaalaaro cholli...

പ്രണയിക്കാനും പ്രേമഭാജനങ്ങളെ ഓർമ്മിക്കാനും പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല. എല്ലാക്കാര്യങ്ങൾക്കും ഓരോ ദിനങ്ങൾ ഡെഡിക്കേറ്റ് ചെയ്ത് അർമ്മാദിക്കുന്ന പാശ്ചാത്യർക്കൊപ്പം പൗരസ്ത്യരായ നമ്മളും ആ ശീലങ്ങളിലേക്കു നടന്നു കയറിയപ്പോൾ പിന്നെ എന്തിനു നമ്മളായി കുറയ്ക്കണം..?!!

അതിനാൽ എല്ലാ സുഹൃത്തുക്കൾക്കും പ്രണയദിനാശംസകൾ നേർന്നുകൊണ്ട്, ഇതാ നാദത്തിൽ ഞങ്ങളുടെ എളിയൊരുഗാനം.... പെട്ടെന്നു ചെയ്തതിന്റെ പോരായ്മകളേയുള്ളൂ... എങ്കിലും ഒന്നും തരാതിരിക്കുന്നതിലും നല്ലതല്ലേ എന്തെങ്കിലും തരുന്നത്... കേൾക്കുക.... ഒരിക്കൽകൂടി നാദത്തിന്റെ ആശംസകൾ.....

Lyrics : Nisikanth G | Music : Bahuvreehi | Singer : Deepu Nair

ഒരുനാളാരോ ചൊല്ലി

ഒരുനാളാരോ ചൊല്ലി
നീയെന്റേതാണെന്ന്...
അതുകേട്ടെൻ മനസ്സും മൂളി
ഞാൻ നിന്റെതാണെന്ന്
ആ ചിരിയും ആ മൊഴിയും
എന്റെ സ്വന്തമാണെന്ന്
ആ പ്രണയ സുഗന്ധം എന്നും
എന്റെ മാത്രമാണെന്ന്......

പുസ്തകത്താളിൽ നിൻ
മുഖമല്ലോ കാണ്മൂ ഞാൻ
കസ്തൂരിമാൻ കണ്ണിൻ
മൈയല്ലോ കാണ്മൂ ഞാൻ
തുടിക്കുന്നു നെഞ്ചം നിന്റെ
സ്നേഹം കണ്ടറിഞ്ഞീടാൻ
പിടയ്ക്കുന്നു കാതും നിന്നിൽ
നിന്നും കേട്ടറിഞ്ഞീടാൻ
ഒരുവട്ടം ചൊല്ലില്ലേ
എൻ സ്വന്തമാണെന്ന്
പുഞ്ചിരിയോടെന്നെന്നും
എന്റെ മാത്രമാണെന്ന് (ഒരു നാൾ)
 
പ്രണയത്തിൻ കുളിരാദ്യം
ഹൃദയത്തിൽ നിറയുമ്പോൾ
ഞാൻ സ്വപ്നം കാണും രൂപം
നീയാണെന്നറിയുമ്പോൾ
അറിയാത്തൊരേതോ വി-
കാരം നെഞ്ചിലൂറുന്നു
പറയുവാനാകാതെന്റെ
പാട്ടിൽ ഞാൻ പകരുന്നു
ഇനിയും മൊഴിയില്ലെന്നോ
എൻ സ്വന്തമാണെന്ന്
എൻ മാറിൽ ചേർന്നെന്നും
എന്റെ മാത്രമാണെന്ന് (ഒരു നാൾ)