ഞാൻ വരും സഖീ...!

അരികിൽ, ആ സ്വപ്നതീര,ത്തെനിക്കെന്റെ
കവിതകൾ പാടി എല്ലാം മറക്കുവാൻ...
അരിയ തിങ്കൾക്കൊതുമ്പുവള്ളം തുഴ-
ഞ്ഞനഘ നക്ഷത്ര പുഷ്പങ്ങൾ നുള്ളുവാൻ...
കോറുമീരടിത്തുണ്ടിലീണം ചേർത്തു
മെല്ലെയാലപിച്ചെല്ലാം മറക്കുവാൻ...
ഞാൻ വരും...! നാളെയെന്നെങ്കിലും സഖീ....
വീണമീട്ടി നീ കൂടെയുണ്ടാകണം...!
 
കേട്ടറിഞ്ഞൊരാ സ്നേഹത്തുടിപ്പുകൾ
എന്റെ നെഞ്ചോടു തൊട്ടറിഞ്ഞീടണം
പൊൽച്ചിലങ്കകൾ ചിന്നിച്ചിതറുമാ
വാക്കുകൾ എന്റെ കാതിൽ പൊഴിയണം
സന്ധ്യചാലിച്ചെഴുതിയോരക്കവിൾ
കണ്ടുകൊണ്ടങ്ങനെ നിന്നൊടുങ്ങണം..!
ഞാൻ വരും നാളെ...! എന്നെങ്കിലും സഖീ...
ഇത്തിരി സ്നേഹം ബാക്കി വച്ചീടണം...!
 
സ്നേഹമെന്നൊരാ മുൾക്കാട്ടിലെങ്കിലും
കേറിയുള്ളം മുറിച്ചു രസിക്കണം
വർഷ,ഗ്രീഷ്മങ്ങൾ വന്നിടും പോയിടും
ജീവിതം നമ്മൾ ജീവിച്ചു തീർക്കണം
നോക്കി നിന്നു ചിരിപ്പവരോടു തൻ
ഉള്ളിലേക്കൊന്നു നോക്കാൻ പറയണം!
ഞാൻ...., വരും നാളെ, എന്നെങ്കിലും സഖീ
നിന്റെ ദുഃഖങ്ങൾ വിട്ടുതന്നേക്കണം...!
 
പായുമിക്കടിഞ്ഞാണറ്റ ചിന്തകൾ
ചക്രവാളങ്ങൾ താണ്ടിക്കുതിക്കവേ
എന്റെ കോശത്തിലെക്കലാതന്തുവിൽ
നിന്റെ വർണ്ണ ചിത്രങ്ങൾ പകർത്തവേ
നിന്റെ വന്യവസന്തങ്ങളിൽ നിലാ-
ത്തുള്ളിയാൽ കുളിർമാലകൾ ചാർത്തുവാൻ
ഞാൻ വരും നാളെ എന്നെങ്കിലും...! സഖീ...
നിന്റെ യൗവ്വനം കത്തി നിർത്തീടണം...!!!

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njaan varum sakhee....!

Additional Info

Year: 
2012
ഗാനശാഖ: 

അനുബന്ധവർത്തമാനം