കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...

കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ
കാവളം കിളി പാട്ടു പാടുന്നു
പഴയൊരോർമ്മ നിലാവിലൂടെ
പടുമരത്തിൻ കൊമ്പിലാരെ-
ത്തിരയുമീരടി തൻ വിലാപ-
ത്തിരകൾ വീശിയടിക്കെ, അരിയൊരു
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... കരളിൽ
കാവളം കിളി പാട്ടുപാടുന്നു...

കാവ്യമുന്തിരി മണികളിൽ കാ-
ലം കലർത്തിയ ലഹരിയുണ്ടും
അടരുവാൻ കഴിയാത്ത ചിന്താ
സരണിയിൽ സ്വയമരണിയായും
ചിതലരിച്ചൊരു സ്വപ്നമായും
സിരകളറ്റ വികാരമായും
ഇടറുമീവഴിയോരമോർമ്മക-
ളിതളിടുന്ന ദിനങ്ങളെണ്ണി
കരയുവാനാകാതെപോലും
കരളിലെ കണ്ണാടിമുന്നിൽ
ചില്ലുപോലെയടർന്നു പോയൊരു
മുഖവുമായ് സ്വരമിടറി വീണൊരു
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...കരളിൽ
കാവളം കിളി പാട്ടുപാടുന്നു..

നീയുണർന്ന പ്രഭാതമെവിടെ...?
നീ മയങ്ങിയ രജനിയെവിടെ...?
നിന്നിൽ വീണൊരു  നൂറു സൂര്യ-
ദലങ്ങളാം നീഹാരമെവിടെ..!
വാടി വീണ സുമങ്ങളാൽ ചെറു
പൂക്കളങ്ങൾ മെനഞ്ഞ കൈവിര-
ലന്നു മീട്ടിയ പുള്ളുവർക്കുട-
മേറ്റു പാടിയ ഗാനമെവിടെ..?
ഓർമ്മയായ് മറയുന്നു മണ്ണിലൊ-
രീണമിന്നു പകച്ചു നിൽക്കേ
നീ വരുന്ന പഥത്തിലേക്കടി-
വച്ചു നീണ്ടിരുമിഴിയുമായൊരു
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ
കാവളം കിളി പാട്ടുപാടുന്നു...

പ്രണയമൊരു മഴവില്ലുപോൽ പ്രാ-
ണന്റെ വിണ്ണിലലിഞ്ഞുചേർന്നതു-
മാത്മബാഷ്പകണങ്ങൾ വൈഡൂ-
ര്യങ്ങളായ് മിഴികൾ കവിഞ്ഞതും
ചിറകു നീർത്തിയ മോഹവും ചിര-
കാല സംഗമ സന്ധ്യയും, കുളി-
രലകളായൊഴുകുന്ന യൗവ്വന-
ദാഹസീമകളുമ്മ വയ്ക്കേ
ആദ്യമായറിയും രസങ്ങളി-
ലലസമായ് പുലതീണ്ടി വന്നതു-
മെന്തിനോ വെറുതേ നിനച്ചക-
മിടറി വിങ്ങിയ കഥയുമായൊരു
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ
കാവളം കിളി പാട്ടു പാടുന്നു

കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ
കാവളം കിളി പാട്ടു പാടുന്നു
പഴയൊരോർമ്മ നിലാവിലൂടെ
പടുമരത്തിൻ കൊമ്പിലാരെ-
ത്തിരയുമീരടി തൻ വിലാപ-
ത്തിരകൾ വീശിയടിക്കെ, അരിയൊരു
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... കരളിൽ
കാവളം കിളി പാട്ടുപാടുന്നു......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattumullappoo chirikkunnu....

Additional Info

Year: 
2015
ഗാനശാഖ: 

അനുബന്ധവർത്തമാനം