മറയാൻ തുടങ്ങുന്ന സന്ധ്യേ...
ചേർത്തതു് Nisi സമയം
മറയാൻ തുടങ്ങുന്ന സന്ധ്യേ….
പറയാതെ പോകുന്ന സന്ധ്യേ….
നിറമിഴിച്ചോപ്പിന്റെയർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ...!!
വർണ്ണങ്ങളായിരം ചാർത്തി
വിൺതാളിൽ നിന്നേപ്പകർത്തി
കണ്ണീരണിഞ്ഞു നീ നില്ക്കേ
കണ്ണേ കരൾ കൊണ്ടു മുന്നേ…
ഞാൻ കുറിച്ചെത്രകാവ്യങ്ങൾ
നിൻ കുളിർസ്പർശത്തുടിപ്പിൽ
ഞാൻ കണ്ടു സ്വപ്നങ്ങളെന്നും
നിൻ കവിൾ ചോപ്പിൻ സുഖത്തിൽ
പ്രേമാർദ്രമായെന്നുമെന്നും
ആ മുഗ്ധ ശാലീനഭാവം
നിൻ മന്ദഹാസത്തിനൊപ്പം
എൻ മനോപൂജയ്ക്കു പാത്രം
നീ പണ്ടു കണ്ട സ്വപ്നങ്ങൾ
നീ പിന്നറിഞ്ഞ ദുഃഖങ്ങൾ
നില്പ്പൂ നിണം വാർന്നപോലേ
നിൻ പ്രേമനഷ്ടമോഹങ്ങൾ
ആരെ നീ തേടിയെത്തുന്നു?
ആരൊരാൾ കാത്തു നില്ക്കുന്നു?
ആ രാഗമിന്നാർക്കു സ്വന്തം?
അറിയാൻ കൊതിച്ചു പോകുന്നു…!
കരയാൻ തുടങ്ങുന്ന സന്ധ്യേ….
പിരിയാനൊരുങ്ങുന്ന നിന്റെ
കരളിലെ നൊമ്പരത്താരോ
താരങ്ങളായ്ത്തീർന്നു മേലേ?
വിടപറഞ്ഞകലുന്ന നേരം
പിടയുമെന്നുള്ളു മന്ത്രിച്ചു
വിടരുന്നൊരീ സ്നേഹബന്ധം
വാടില്ല നാമുള്ള കാലം.
മറയാൻ തുടങ്ങുന്ന സന്ധ്യേ….