പാലാ തങ്കം
പാലായ്ക്ക് സമീപം അരുണാപുരത്ത് രാഘവന് നായരുടെയും ലക്ഷമി കുട്ടിയമ്മയുടെയും മകളായി ജനനം. ചെറുപ്പകാലം മുതൽ തന്നെ സംഗീതം അഭ്യസിച്ചു. പുലിയന്നുർ വിജയന് ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് ചങ്ങനാശ്ശേരി എ .പി .ആര് വര്‍മ്മയുടെ പക്കൽ നിന്നും സംഗീതം അഭ്യസിച്ചു. സത്യൻ അഭിനയിച്ച കെടാവിളക്ക് എന്ന ചിത്രത്തിൽ താമര മലര് പോൽ, തെക്ക് പാട്ടിൻ എന്നിങ്ങനെ രണ്ട് പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. അതിനായി മദ്രാസിലെത്തിയ തങ്കത്തിന് അവിചാരിതമായി സത്യന്റെ ഒപ്പമൊരു വേഷം ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തു. പക്ഷേ ആ ചിത്രം പുറത്തു വന്നില്ല. പക്ഷേ അത് പാലായിലെ സാംസ്കാരിക വേദികളിൽ സജീവമാകാൻ അവരെ സഹായിച്ചു. അങ്ങനെയാണ് പാലാ തങ്കം എന്ന പേരു വീണത്. പതിനാലാം വയസ്സിൽ നാടകത്തിലെത്തി. ആദ്യമായി എൻ എൻ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിച്ചത്. മൗലികാവകാശം എന്ന നാടകത്തില്‍ അന്നക്കുട്ടി എന്ന കഥാപാത്രമാണ് ആദ്യം അവതരിപ്പിച്ചത്. അതിനു ശേഷം ചങ്ങനാശ്ശേരി ഗീതാ തീയറ്റേഴ്സിൽ നാല് കൊല്ലം സഹകരിച്ചു. പിജെ ആന്റണി, ഗോവിന്ദന് കുട്ടി (ജ്യോതി തീയേറ്റർസ്) എന്നീ പ്രമുഖരുടെ നാടകസമിതികളിലും പ്രവര്‍ത്തിച്ചു.
സിനിമയിലേക്ക് തിരികെയത്തിയത് സീത എന്ന ചിത്രത്തിൽ കുശലകുമാരിക്ക് ശബ്ദം നൽകിക്കൊണ്ടായിരുന്നു. അന്ന് കുഞ്ചാക്കോയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഡബ്ബിംഗ് അറിഞ്ഞു കൂടാതിരുന്നിട്ടു കൂടി ശബ്ദം നൽകിയത്. കടലമ്മ എന്ന ചിത്രത്തിൽ ഒരു ചെറു വേഷം അഭിനയിക്കുകയും ചെയ്തു. പിന്നീട് ഉദയ സ്റ്റുഡിയോയുടെ തന്നെ റബേക്ക എന്ന ചിത്രത്തിൽ സത്യന്റെ അമ്മയായി അഭിനയിച്ചു. റബേക്കയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ കെ പി എ സിയുടെ നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു. തോപ്പിൽ ഭാസിയും എസ്. പി. പിള്ളയുമാണ് അന്നവരെ ക്ഷണിച്ചത്. ശരശയ്യ എന്ന നാടകത്തില്‍ കെ പി ഉമ്മറിന്റെ അമ്മയായി ആദ്യം അഭിനയിച്ചു. നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സര്‍വ്വേക്കല്ല്, മൂലധനം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. അതിനിടയിൽ തങ്കത്തിന്റെ വിവാഹം കഴിഞ്ഞു. തിരുവനന്തപുരം കൈതമുക്ക് സ്വദേശി ശ്രീധരൻ തമ്പിയെന്ന പോലീസ് ഓഫീസറെയാണ് അവർ വിവാഹം കഴിച്ചത്. പൊൻകുന്നം വർക്കിയുടെ നാടകത്തിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് അവരുടെ ഭർത്താവ് ഒരപകടത്തിൽ മരിച്ചു. സാമ്പത്തികമായി നാടകത്തേക്കാൾ സിനിമയാണ് നല്ലതെന്ന തിരിച്ചറിവിൽ അവർ മക്കൾക്കൊപ്പം മദ്രാസിലേക്ക് പോയി.
കെ പി എ സിയിൽ അഭിനയിക്കുന്ന സമയത്ത്, പി ഭാസ്ക്കരന്റെ തറവാട്ടമ്മ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ക്ഷണം ലഭിച്ചുവെങ്കിലും നാടകം ആ അവസരം മുടക്കി. പിന്നീട് പാറപ്പുറം വഴി തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിലേക്ക് ഭാസ്കരൻ മാഷ് വിളിച്ചു. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ, തങ്കത്തെ തേടി കൂടുതൽ അവസരങ്ങൾ വന്നെത്തി. ഇന്നല്ലെങ്കിൽ നാളെ, നിറകുടം, കലിയുഗം, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. ബോബനും മോളിയും എന്ന ചിത്രത്തിൽ ബോബൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകുവാൻ സംവിധായകൻ ശശികുമാർ നടത്തിയ അന്വേഷണം പാലാ തങ്കത്തിൽ എത്തുകയായിരുന്നു. ആ ചിത്രത്തിൽ അവർ ശബ്ദം നൽകിയത് ആ കഥാപാത്രമായി അഭിനയിച്ച മാസ്റ്റർ ശേഖറിനായിരുന്നു. പിന്നീട് ഡബ്ബിംഗിൽ ധാരാളം അവസരങ്ങൾ അവരെ തേടിയെത്തി. നായിക കഥാപാത്രങ്ങൾ, കുട്ടികൾ, വയസ്സായ സ്ത്രീകൾ, പക്ഷിമൃഗാദികൾ തുടങ്ങി, ചില ചിത്രങ്ങളിലെ ഒരു സീനിലെ മൂന്നും നാലും കഥാപാത്രങ്ങൾക്കു വരെ അവർ ശബ്ദം നൽകി. ശിക്ഷ എന്ന ചിത്രത്തിൽ സാധനയ്ക്ക് ശബ്ദം നൽകി. ശാരദ, ലക്ഷ്മി, സീമ, വിജയശ്രീ, ശ്രീവിദ്യ തുടങ്ങി, ഷീലയ്ക്കും ജയഭാരതിക്കും ഒഴികെ ബാക്കിയെല്ലാ നായികമാർക്ക് വേണ്ടിയും ആ കാലത്ത് തങ്കം ശബ്ദം നൽകി. ലിസ എന്ന ഹൊറർ ചിത്രത്തിൽ ഭാവനിക്ക് ശബ്ദം നൽകിയത് തങ്കമാണ്. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന ചിത്രത്തിൽ ബേബി ശാലിനിക്കു വേണ്ടി അവർ ശബ്ദം നൽകി. പ്രേംനസീർ, മധു, ഉമ്മർ, സുകുമാരൻ, ജയൻ, ശാരദ, ജയഭാരതി ഉൾപ്പെടെയുള്ള അഭിനേതാക്കൾക്കൊപ്പം അമ്മ വേഷങ്ങളിൽ അഭിനയിച്ചു. യാഗാഗ്നിയാണ് അവസാനം അഭിനയിച്ച ചിത്രം. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനു ശേഷം പത്തനാപുരത്തെ ഒരു സ്വകാര്യ അനാഥാലയത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അവരിപ്പോൾ.
മക്കൾ : സോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി, അമ്പിളി (ഡബ്ബിംഗ്)