സീനത്ത്

Zeenath ( actress)

സ്കൂളിൽ പഠിക്കുന്ന സമയത്ത് അടുത്ത് ബന്ധുവായ നിലമ്പൂര്‍ ആയിഷയാണ് സീനത്തിനെ നാടകവേദിയിൽ എത്തിക്കുന്നത്. എന്‍.എന്‍.പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തിന്റെറിഹേഴ്സലിൽ പങ്കെടുത്തുവെങ്കിലും സഹോദരന്റെ എതിർപ്പ് മൂലം സ്റ്റേജിൽ കയറാൻ കഴിഞ്ഞില്ല. പിന്നീട് അമ്മാവനായ മാനുമുഹമ്മദ് എഴുതിയ സ്‌നേഹബന്ധം എന്ന നാടകത്തിലൂടെ അരങ്ങേറി. നാടകം കണ്ട സഹോദരൻ കലാരംഗത്തേക്ക് പോകുവാൻ സീനത്തിനെ അനുവദിക്കുകയായിരുന്നു. ആദ്യമായി അഭിനയിച്ച സിനിമ പി.എ.ബക്കറിന്റെ ചുവന്ന വിത്തുകള്‍ ആയിരുന്നു. നിലമ്പൂർ ബാലനാണ് സീനത്തിനെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചത്. സിനിമയിൽ പിന്നീട് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകത്തിൽ തന്നെ തുടർന്നു. സംഗമം തിയറ്റേഴ്‌സിന്റെ നാടകങ്ങളില്‍ അഭിനയിച്ചു. അവിടെനിന്ന് കലിംഗയിലെത്തി. കെ ടി മുഹമ്മദിനെ വിവാഹം ചെയ്ത ശേഷം അദ്ദേഹത്തിന്റെ നാടകങ്ങളിൽ മാത്രമേ സീനത്ത് അഭിനയിച്ചിരുന്നുള്ളൂ. കെ ടിയുമായി അഭിമുഖത്തിനു വന്ന ഒരു ടീം വഴിയാണ് ദൂരദർശൻ നിർമ്മിച്ച ബഷീറിന്റെ പൂവമ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവർക്ക് അവസരം ഒരുങ്ങിയത്. അതിനു ശേഷം വിജയകൃഷ്ണന്റെയും മധു മോഹന്റെയും സീരിയലുകളിൽ സജീവമായിരുന്നു. സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അവരെ തേടി എത്തി. പല പ്രമുഖ നടിമാർക്കും വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. പാലേരി മാണിക്യത്തിൽ ശ്വേതാ മേനോന് വേണ്ടിയും റാണി പത്മിനിയിൽ സജിതാ മഠത്തിലിനു വേണ്ടിയും ശബ്ദം നൽകി. 

കെ ടിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം വീണ്ടും വിവാഹം കഴിച്ചത് ബിസിനസ്സുകാരനായ അനിൽ കുമാറിനെയാണ്, മക്കൾ ജിതിൻ, നിതിൻ. ഡബ്ബിംഗ് ആർട്ടിസ്റ്റായ നിലമ്പൂർ ഹഫ്സത്ത് സഹോദരിയാണ്.