ഷൈനി സാറ

Shiny Sarah

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ നവംബർ 21ന് ജനനം. രാജൻ, സാറാമ്മ എന്നിവരാണ് ഷൈനിയുടെ മാതാപിതാക്കൾ. സെന്റ് ജോസഫ് സ്കൂൾ മുണ്ടക്കയം, സെന്റ് മേരീസ് കോളേജ് തൃശൂർ, ഗവണ്മെന്റ് ലോ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. സിനിമാ മോഹമുണ്ടായിരുന്നെങ്കിലും ജയരാജിന്റെ സംവിധാന സഹായി ആയാണ് സിനിമയിൽ തുടക്കമിടുന്നത്. കളിയാട്ടം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്‌ത് കൊണ്ട് അരങ്ങേറ്റം. അതിനു ശേഷം "സ്നേഹം" എന്ന സിനിമയുടെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്തത് ഷൈനി ആയിരുന്നു. ആറു സുന്ദരിമാരുടെ കഥ എന്ന സിനിമയിൽ ജോലി ചെയ്യുമ്പോൾ അതിലഭിനയിക്കുന്ന ഒരു അഭിനേത്രിക്ക് പകരമായി അഭിനയത്തിൽ തുടക്കമിട്ടു. പിന്നീട് "മഹേഷിന്റെ പ്രതികാര"മെന്ന സിനിമയിലെ കാസ്റ്റിംഗ് കോളിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ആ സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് അഭിനയ രംഗത്ത് സജീവമായി. തുടർന്ന് വളരെയധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌തു.

 2009ൽ മൗനം പ്രണയം എന്നൊരു ആൽബത്തിനു വരികളെഴുതി പുറത്തിറക്കി. വിജയ് യേശുദാസ് നിർമ്മിച്ച ഈ ആൽബം റിലീസ് ചെയ്തത് യേശുദാസും മമ്മൂട്ടിയുമായിരുന്നു.അന്ന് മമ്മൂട്ടിയുമായി വേദി പങ്കിട്ട ഷൈനി ഒരു പിടി സിനിമകളിൽ പിന്നീട് മമ്മൂട്ടിയൊടൊത്തും അഭിനയിച്ചു. ഷൈൻ ടോം ചാക്കോ ഷൈനിയുടെ അകന്ന ബന്ധത്തിലുള്ള വ്യക്തിയാണ്.  "ഭീമന്റെ വഴി"യെന്ന കുഞ്ചാക്കോ ബോബൻ ചിത്രം, മാക്സ്‌വെൽ സംവിധാനം ചെയ്യുന്ന "ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്" എന്നിവയാണ് പുതിയ പ്രോജക്റ്റുകൾ.

എറണാകുളത്ത് താമസമാക്കിയ ഷൈനിക്ക് ഒരു സഹോദരിയുണ്ട്. ഭർത്താവ് ജോൺ കോശി കുവൈറ്റിൽ ജോലി ചെയ്യുന്നു.

ഇമെയിൽ വിലാസമിവിടെ  | ഫേസ്ബുക്ക് പ്രൊഫൈലിവിടെ  | ഇൻസ്റ്റഗ്രാം അക്കൗണ്ടിവിടെ