കെടാമംഗലം സദാനന്ദൻ
1926 ഡിസംബറിൽ പറവൂരിൽ ജനനം. കഥാപ്രസംഗരംഗത്തെ മുടിചൂടാ മന്നന് ആയിരുന്നു കെടമംഗലം സദാനന്ദൻ. അതിനോടൊപ്പം തന്നെ മലയാള സിനിമാരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 1952ലായിരുന്നു അദ്ദേഹം മലയാള സിനിമയില്‍ എത്തുന്നത്. പ്രേംനസീര്‍ നായകനായ മരുമകള്‍ എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. മരുമകള്‍ പ്രേം നസീറിന്റെയും സദാനന്ദന്റെയും ആദ്യ ചിത്രം കൂടിയായിരുന്നു. ഇതിലെ ചില ഹാസ്യ രംഗങ്ങള്‍ എഴുതിയതും സദാനന്ദന് ആയിരുന്നു. നടി രാഗിണി ആദ്യമായി നായിക ആയ തസ്കര വീരന് ആയിരുന്നു രണ്ടാമത്തെ ചിത്രം. നായികയുടെ അച്ഛന്റെ വേഷം അദ്ദേഹം ഭംഗിയാക്കി സേവാ ഫിലിംസിന്റെ അരപ്പവന്‍ (1961) എന്ന ചിത്രത്തില്‍ അഭിനയിച്ചതിനോടൊപ്പം അതിലെ ഗാനങ്ങളും അദ്ദേഹം എഴുതുകയുണ്ടായി.ഇതിലെ " വാടിക്കരിയുന്ന പൂവേ നിന്റെ വാസന തീരുകയില്ലേ " എന്ന ഗാനം അക്കാലത്തെ മലയാളികള്‍ മത്സരിച്ച് പാടി നടന്ന പാട്ട് ആയിരുന്നു. അഭിനയം ,ഗാന രചന എന്നിവക്കു പുറമേ 12 ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. മധു ഡബിള്‍ റോളില്‍ അഭിനയിച്ച വിപ്ലവകാരികള്‍,പ്രതികാരം,സെന്റ് തോമസ് തുടങ്ങിയവ അവയില്‍ ചിലതാണ്.
മലയാളത്തിനു പുറമേ തമിഴിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചു.തുടര്‍ച്ചയായി 150 ദിവസം തിയേറ്ററുകളില്‍ ഓടിയ "കൈരാശി" അദ്ദേഹത്തിന്റേതാണ്. ഈ സിനിമ പിന്നിട് ജൂല എന്ന പേരില്‍ ഹിന്ദിയിലും നിർമ്മിക്കപ്പെട്ടു. ഗുരു ഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചതിനു ശേഷം അദ്ദേഹം നാടകത്തിലും വേഷം ഇട്ടിരുന്നു.സന്ദേശം മലയാളത്തിലെ ആദ്യത്തെ നൃത്ത നാടകം ആയിരുന്നു. പിന്നീടാണു കഥാ പ്രസംഗ രംഗത്തേക്ക് അദ്ദേഹം വരുന്നത്.അദ്ദേഹത്തിന്റെ " രമണന്" 3500ൽ അധികം വേദികള്‍ പിന്നിട്ടിരുന്നു. കേരളത്തില്‍ സാംബശിവനു ശേഷം ഏറ്റവുമധികം സ്റ്റേജുകളില്‍ കഥ പറഞ്ഞിട്ടുള്ള
കാഥികനാണ് കെടാമംഗലം. ചങ്ങമ്പുഴയുടെ രമണന്, കര്ണന്, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയം, വിക്ടര്‍ ഹ്യൂഗോയുടെ ചിരിക്കുന്ന മനുഷ്യന്, സ്വന്തം കഥകളായ അവന് വീണ്ടും ജയിലിലേക്ക്, അഗ്നിപരീക്ഷ, അഹല്യ, അഗ്നിനക്ഷത്രം, അമ്മ, മനയും മാടവും, അങ്കക്കളരി തുടങ്ങിയവ പ്രശസ്ത കഥകളാണ്. നാല്പതോളം ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും സിനിമാലോകത്തേക്കാളും അദ്ദേഹത്തിനു പേരും പ്രശസ്തിയും ലഭിച്ചത് കഥാപ്രസംഗരംഗത്തു നിന്നായിരുന്നു. കഥാ പ്രസംഗരംഗത്തെ ഏറ്റവും വലിയ നേട്ടമായ കഥാപ്രസംഗ അക്കാദമിയുടെ രൂപീകരണത്തില്‍ അദ്ദേഹം നിസ്തുലമായ പങ്കു വഹിച്ചിട്ടൂണ്ട്.കേരള സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സര്‍ ആയിരുന്നു.12 തിരക്കഥകളെഴുതി. നൂറോളം സിനിമകള്‍ക്ക് ഗാനരചനയും നടത്തി.
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം ബഹുമതി, സാഹിത്യ ദീപികയുടെ കലാതിലകം അവാര്‍ഡ്, വി. സാംബശിവന്
ഫൗണ്ടേഷന്റെ സാംബശിവന് ധന്യകേരള പ്രവീണ്‍ പുരസ്കാരം, ടി.എ. മജീദ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആറ് പതിറ്റാണ്ടിലേറെ കഥാപ്രസംഗ വേദിയിലെ സാന്നിധ്യമായിരുന്ന കെടാമംഗലം 15,000ൽ അധികം വേദികളില്‍ കഥ അവതരിപ്പിച്ചിട്ടുണ്ട്. 2007 മേയ് 10നാണ് ഏറ്റവുമൊടുവില്‍ വേദിയില്‍ കഥയവതരിപ്പിച്ചത്. സ്വന്തം നാടായ പറവൂരിലെ ടൗണ്‍ഹാള്‍ വേദിയില്‍ നടത്തിയ കഥാപ്രസംഗം കഥാപ്രസംഗത്തോടുള്ള വിടപറച്ചില്‍ കൂടിയായിരുന്നു.
2008 ഏപ്രില്‍ 13 നു ഞായറാഴ്ച്ച അദ്ദേഹം അന്തരിച്ചു.ശ്വാസകോശാര്‍ബ്ബുദം ആയിരുന്നു. കെ.വി. പൊന്നമ്മയാണ് ഭാര്യ.