കെ പി എ സി സുലോചന

KPAC Sulochana
Date of Birth: 
Sunday, 10 April, 1938
Date of Death: 
Sunday, 17 April, 2005
ആലപിച്ച ഗാനങ്ങൾ: 27

പഴയ തിരുവിതാംകൂറിലെ പോലീസ് കോൺറ്റബിൾ ആയിരുന്ന കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും എട്ട് മക്കളിൽ നാലാമത്തെ മകളായി ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. തിരുവനന്തപുരം ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ "ദേവാ നിൻ ഹൃദയ വനികയിൽ.." എന്ന് തുടങ്ങുന്ന ലളിത ഗാനം ആലപിച്ചുകൊണ്ടാണ് സുലോചന തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.

 

വളരെ ചെറുപ്രായത്തിൽ തന്നെ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്ന സുലോചന കലാനിലയം കൃഷ്ണൻ നായരുടെ നാടക ട്രൂപ്പായ ജനകീയ കലാസമിതിയുടെ "രഹസ്യങ്ങൾ" എന്ന നാടകത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സുലോചന അഭിനയ വേദിയിലേക്ക് ചുവടുവെയ്ക്കുന്നത്. നാടകത്തിലെ പ്രേം നവാസും അടൂർ പങ്കജവുമായിരുന്നു നാടകത്തിലെ നായകനും നായികയും. അടൂർ പങ്കജത്തിന്റെ അനുജത്തിയുടെ വേഷമായിരുന്നു സുലോചന ചെയ്തത്. പിന്നീട് തിരുവനന്തപുരം ഡ്രാമാറ്റിക് ക്ലബിന്റെ "അദ്ധ്യാപിക" എന്ന നാടകത്തിൽ പ്രശസ്ത നടൻ പ്രേംനസീറിന്റെ നായികയായി അഭിനയിച്ചു, കെ പി എസി നാടക സമിതിയിൽ എത്തിയതോടെയാണ് സുലോചന പ്രശസ്തയാകുന്നത്. 1951 -ലാണ് സുലോചന കെ പി എസിയിൽ ചേരുന്നത്. "എന്റെ മകനാണ് ശരി" എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്തുകൊണ്ട് സുലോചന പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം കെ പി എസിയുടെ അതിപ്രശസ്തമായ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകത്തിൽ സുമ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കെ പി എ സി സുലോചന പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. നാടകങ്ങളിൽ അഭിനേത്രിയായും ഗായികയായും സുലോചന ഒരു പോലെ തിളങ്ങി. തുടർന്ന് മന്വന്തരം വരെയുള്ള പത്ത് കെ പി എ സി നാടകങ്ങളിൽ പ്രധാന നായികയായി അഭിനയിച്ചു. ഇക്കാലയലവിൽ കെ എസ് ജോർജ്ജിനോടൊപ്പം കെ പി എസ് സിക്കായി ആലപിച്ചത് നൂറ്റി അൻപതോളം ഗാനങ്ങളായിരുന്നു. കെ പി എ സി സുലോചന പാ‍ടിയ ‘വെള്ളാരം കുന്നിലെ..’, ‘അമ്പിളിയമ്മാവാ..’, ‘ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ.. ‘ തുടങ്ങിയ ഗാനങ്ങൾ മലയാളി ഗാനാസ്വാദകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്തവയാണ്.

 

1964 -ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സുലോചന സി പി എമ്മിനോടൊപ്പം നിന്നു. പാർട്ടി പിളർപ്പിനെ തുടർന്ന് കെ പി എ സിയിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കെ പി എ സി വിട്ടു. തുടർന്ന് സുലോചനയുടെ നേതൃത്വത്തിൽ ഒരു ഗാനമേള ട്രൂപ്പ് രൂപീകരിക്കുകയും രണ്ടുവർഷത്തോളം നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കോട്ടയം നാഷണൽ തിയ്യേറ്റേഴ്സ്, കായംകുളം കേരള ആർട്സ് ക്ലബ്, കൊല്ലം കാദംബരി തിയ്യേറ്റേഴ്സ്, കോട്ടയം വിശ്വഭാരതി തിയ്യേറ്റേഴ്സ് എന്നീ നാടക സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചു. അതിനുശേഷം 1983 -ൽ കായംകുളം ആസ്ഥാനമാക്കി സംസ്ക്കാര എന്ന പേരിൽ ഒരു നാടക സമിതി സുലോചന രൂപീകരിച്ചു. പത്തോളം നാടകങ്ങൾ സംസ്ക്കാര അരങ്ങിലെത്തിച്ചു. അവയിലെല്ലാം സുലോചന പ്രധാന വേഷം ചെയ്തു. 1990 -കളുടെ പകുതിയോടെ നാടക സമിതി പിരിച്ചുവിട്ട് സുലോചന നാടക പ്രവർത്തനങ്ങൾക്ക് തിരശ്ശീലയിട്ടു. അതിനുശേഷം ഗായകരായ കമുകറ പുരുഷോത്തമനും ഉദയഭാനുവും ചേർന്ന് രൂപീകരിച്ച ഗാനമേള ട്രൂപ്പിൽ അംഗമായി. അതിനോടൊപ്പം സ്വന്തം ഗാനമേള ട്രൂപ്പ് രൂപീകരിച്ചു. രണ്ട് ട്രൂപ്പുകളിലുമായി നിരവധി വേദികളിൽ അവർ ഗാനങ്ങൾ ആലപിച്ചു. 1998 -ൽ ഈസ്റ്റ്കോസ്റ്റ് വിജയന്റെ നേതൃത്വത്തിൽ ആദ്യമായി ഗൾഫ് രാജ്യങ്ങളിൽ ഗാനമേള അവതരിപ്പിച്ചു. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് വീണ്ടും ഒരിക്കൽ കൂടി സുലോചന ഗൾഫ് രാജ്യങ്ങളിൽ ഗാനമേള അവതരിപ്പിച്ചു. 

 

1951 -ൽ കാലം മാറുന്നു എന്ന സിനിമയിൽ സത്യന്റെ നായികയായി ചലച്ചിത്രാഭിനയ രംഗത്ത് പ്രവേശിച്ച സുലോചന ആ പടത്തിൽ ഗായകൻ കെ എസ് ജോർജ്ജിനോടൊപ്പം "ആ മലർ പൊയ്കയിൽ.. ‘ എന്ന യുഗ്മഗാനവും ആലപിച്ചു. അതിനുശേഷം കൃഷ്ണ കുചേല, അരപ്പവൻ എന്നീ സിനിമകളിൽ അഭിനയിച്ചു. തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവൽ സിനിമയാക്കിയപ്പോൾ അതിൽ "തുമ്പപ്പൂ പെയ്യണ പൂനിലാവേ... എന്ന ഗാനം കമുകറ പുരോഷത്തമനോടൊപ്പം ആലപിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്(1975), പി ജെ ആന്റണി ഫൗണ്ടേഷൻ അവാർഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്(1997), പ്രൊഫഷണൽ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സർക്കാരിന്റെ അവാർഡ്(1999‌), കേരള സർക്കാറിന്റെ മാനവീയം അവാർഡ്(2000), ഫൈൻ ആർട്സ് സൊസൈറ്റി അവാർഡ്(2005) തുടങ്ങിയവയാണ് കെ പി എ സി സുലോചനക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ.

കലാകാരനും കെ എസ് ആർ ടി സി കണ്ടക്റ്ററുമായിരുന്ന കലേശനെയായിരുന്നു സുലോചന വിവാഹം ചെയ്തത്. 2005 ഏപ്രിലിൽ കെ പി എ സി സുലോചന അന്തരിച്ചു.