സുനിൽ സുഖദ

Sunil Sukhada
സുനിൽ സുഖദ


If you are unable to play audio, please install Adobe Flash Player. Get it now.

അഭിനേതാവ്.യഥാർത്ഥ പേര് "സുനിൽ വി സി". അദ്ധ്യാപകനായിരുന്ന സുധാകരപ്പണിയ്ക്കരുടേയും സരസ്വതി അമ്മയുടേയും മകനായി ജനനം. തൃശ്ശൂർ സി എം എസ് സ്കൂളിലും കേരളവർമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പത്തിൽത്തന്നെ നാടകത്തിൽ താല്പര്യം ജനിയ്ക്കുകയും അത്, അവസാനം തൃശ്ശൂരിലെ രംഗചേതന എന്ന നാടകസംഘത്തിൽ കൊണ്ടെത്തിയ്ക്കുകയും ചെയ്തു.

തുടർന്ന് ഓൺ-സ്ക്രീൻ ജീവിതം ആരംഭിച്ച സുനിൽ സുഖദയെ, മാതൃഭൂമി പത്രത്തിന്റെയും(സംവി:മനോജ് പിള്ള-തിങ്ക്പോട്ട് പ്രൊഡക്ഷൻസ്) മിസ്റ്റർ ലൈറ്റ് ടോർച്ചിന്റേയും(സംവി:ആഷിഖ് അബു-സൂത്ര കമ്മ്യൂണിക്കേഷൻസ്) പരസ്യചിത്രത്തിൽ ചെയ്ത വേഷമാണ് ശ്രദ്ധേയനാക്കിയത്.

ദീപൻ ശിവരാമന്റെ സ്പൈനൽ കോഡ് എന്ന നാടകത്തിലെ മികച്ച പ്രകടനത്തിലൂടെ സിനിമാരംഗത്തെത്തി.ആദ്യ സിനിമ ബെസ്റ്റ് ആക്ടർ.തുടർന്ന് സാൾട്ട് ആൻഡ് പെപ്പർ,ചാപ്പാ കുരിശ്,തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട സുനിൽ സുഖദ സമുദ്രക്കനി സംവിധാനം ചെയ്ത പോരാളിയിലൂടെ തമിഴ് സിനിമയിലുമെത്തി.

ഷൂസ്ട്രിംഗ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണക്കമ്പനി നടത്തുന്ന സുനിൽ സുഖദ,അതിന്റെ ബാനറിൽ 14 ലഘുചിത്രങ്ങൾ സംവിധാനം ചെയ്യുക കൂടി ചെയ്തിട്ടുണ്ട്. മിയ്ക്ക ചിത്രങ്ങളും, വിബ്ജ്യോർ അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേള, സൈൻസ്- ജോൺ എബ്രഹാം ദേശീയ പുരസ്കാര മേള, അന്താരാഷ്ട്ര ഡോക്ക്യുമെന്ററി-ഹ്രസ്വചിത്ര മേള-ചലച്ചിത്ര അക്കാദമി  തുടങ്ങിയവയിൽ തെരഞ്ഞെടുക്കപ്പെടുകയും, മൈ ഹാർട്ട് ഈസ് ഓൺ മൈ ലെഫ്റ്റ് എന്ന ഹ്രസ്വചിത്രത്തിന് വിബ്ജ്യോർ ജൂറി പുരസ്കാരം ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.

അഭിനയം,സംവിധാനം എന്നിവയ്ക്ക് പുറമേ, ലെനിൻ രാജേന്ദ്രന്റെ രാത്രിമഴ,മകരമഞ്ഞ് എന്നീ സിനിമകളിൽ സൗണ്ട് റെക്കോഡിസ്റ്റ് ആയിരുന്നു ഇദ്ദേഹം.

അവിവാഹിതനാണ്. തൃശ്ശൂർ പൂത്തോളിലുള്ള "സുഖദ"യിൽ താമസിയ്ക്കുന്നു.

ചിത്രം: ഷാജി മുള്ളൂക്കാരൻ