സുകുമാരി
1940 ഒക്ടോബർ 6 ന് നാഗർകോവിലിൽ മാധവന്‍ നായരുടെയും സത്യഭാമ അമ്മയുടെയും മകളായി ജനനം. തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത പത്മിനി രാഗിണി മാരുടെ അടുത്ത ബന്ധുവായിരുന്നു സുകുമാരി. അവരുടെ അമ്മ സരസ്വതിക്കൊപ്പം ചെന്നെയിലാണ് സുകുമാരി വളർന്നത്. ചെറുപ്പത്തിലെ നൃത്ത-സംഗീതവേദികളിൽ സജീവമായിരുന്ന സുകുമാരി ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴില്‍ ആയിരുന്നു. ഏഴാം വയസ് മുതല്‍ തിരുവിതാംകൂര്‍ സഹോദരിമാരുടെ ഡൈന്‍സേഴ്‌സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലും സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. കലാവേദികളിൽ സജീവമയതോടെ തേഡ് ഫോം വരെ മാത്രമേ അവർ പഠിക്കുവാൻ സാധിച്ചുള്ളൂ. പിന്നീട് രാജസുലോചനയുടെ പുഷ്പാഞ്ജലി ട്രൂപ്പിലും നടി കുശലകുമാരിയുടെ ട്രൂപ്പിലും അംഗമായി. പത്താം വയസ്സില്‍, ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ അവരെ സംവിധായകന്‍ നീലകണ്ഠന്‍ ഗാനരംഗത്തിൽ അഭിനയിപ്പിക്കയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമായിരുന്നു വൈ.ജി പാര്‍ഥസാരഥിയുടെ ചോ രാമസ്വാമി നായകനായ പെറ്റാല്‍ താന്‍ പിള്ളയാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയുടെ നാടകങ്ങളിലൂടെയാണ് സുകുമാരി എന്ന നടി വളർന്നത്. ചോരാമസ്വാമിയുടെ ട്രൂപ്പില്‍ 4000 ത്തിലധികം സ്റ്റേജുകളില്‍ അഭിനയിച്ചു. തുഗ്ലക് എന്ന നാടകം മാത്രം 1500 ലധികം സ്റ്റേജുകളിലാണ് കളിച്ചത്. തമിഴിൽ എം ജി ആറിനൊപ്പവും തെലുങ്കിൽ എൻ ടി ആറിനൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചു. തന്റെ 21മത്തെ വയസ്സിലാണ്‘പട്ടിക്കാടക്ക പട്ടണമാ എന്ന ചിത്രത്തില്‍ ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ അവർ അവതരിപ്പിച്ചത്.
1956ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പിലൂടെയാണ് സുകുമാരി മലയാളത്തിലെത്തുന്നത്. പിന്നീട് മലയാളമടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ തസ്കരവീരനിലും അഭിനയിച്ചു. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാരായ ഈ ചിത്രത്തിൽ വില്ലനായിരുന്ന കൊട്ടാരക്കരയുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. കൊട്ടരക്കരയുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താതെ വന്നപ്പോൾ നൃത്തസംഘത്തിലംഗമായ സുകുമാരിക്ക് ആ അവസരം ലഭിക്കുകയായിരുന്നു. ഇതേ വര്‍ഷം തന്നെ കൂടപ്പിറപ്പിലും അഭിനയിച്ചു. രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ തിരക്കേറിയ നടിയായി സുകുമാരി മാറി. ചേട്ടത്തി, കുസൃതിക്കുട്ടന്‍, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് സുകുമാരി കൂടുതലും അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി. അടൂര്‍ ഭാസി, എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവരെല്ലാം സുകുമാരിയുടെ നായകന്മാരായി. അതിൽ അടൂര്‍ ഭാസി മുപ്പതിലേറെ ചിത്രങ്ങളിൽ അവരുടെ ജോഡിയായി അഭിനയിച്ചു. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മ വേഷങ്ങളിലും അവര്‍ അഭിനയിച്ചു. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം. കരിയറിലുടനീളം വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത സുകുമാരിക്ക് ഏതു വേഷവും നന്നായി ഇണങ്ങിയിരുന്നു. പൊങ്ങച്ചക്കാരിയും തന്റേടിയുമായ സൊസൈറ്റി ലേഡിയായും അമ്മയും അമ്മൂമ്മയും അമ്മായിയമ്മയുമായി എല്ലാ വിധ വേഷങ്ങളിലും അവർ ഒരുപോലെ തിളങ്ങി. ചട്ടക്കാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, സസ്‌നേഹം, പൂച്ചക്കൊരു മൂക്കുത്തി, മിഴികള്‍ സാക്ഷി, ദശരഥം, ബോയിംഗ് ബോയിംഗ്, തലയണമന്ത്രം തുടങ്ങി ചിത്രങ്ങളിൽ അവിസ്മരണീയമായ വേഷങ്ങൾ അവർ ചെയ്തു.
നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതവും സുകുമാരിക്ക് വഴങ്ങിയിരുന്നു. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അറിവ് നേടിക്കൊടുത്തു. കേട്ടു പഠിച്ച സംഗീതമാണെങ്കിലും അവർ ചില ചില കച്ചേരികളും നടത്തിയിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു. 2010ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1974 , 79, 83, 85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം അവരെ തേടിയെത്തി. 2003ല്‍ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. 1967, 74, 80, 81 വര്‍ഷങ്ങളില്‍ ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍, 1990 ൽ കലൈ സെല്‍വം, 1991 ൽ കലൈമാമണി, 1971, 74 വർഷങ്ങളിൽ മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, 1997 ൽ പ്രചോദനം അവാര്‍ഡ്, കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചു. മിക്ക ഭാഷകളിലും അവർ സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തിരുന്നത്. 19ാം വയസില്‍ ദക്ഷിണേന്ത്യയിലെ പ്രശസ്ത സംവിധായകനായ സംവിധായകന്‍ ഭീംസിങിനെ വിവാഹം കഴിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും അഭിനയിച്ചപ്പോഴുണ്ടായ പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു. മകന്‍ ഡോ.സുരേഷ് യുവജനോത്സവം, അമ്മേ നാരായണ തുടങ്ങിയ ശ്രീകുമാരന്‍ തമ്പി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതിനെതുടർന്നു സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുപ്പതു ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ച് 2013 മാർച്ച് 26 ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയുമായിരുന്നു.
പ്രൊഫൈൽ ചിത്രം വരച്ചത്: നന്ദൻ