റോണി റാഫേൽ
തിരുവനന്തപുരം സ്വദേശി.സംഗീതസംവിധായകനായ ഒ വി റാഫേലിന്റെയും റീത്ത ജോസഫിന്റെയും മകനായി ഫെബ്രുവരി ഒന്നിന് ജനനം. തിരുവനന്തപുരം ക്രൈസ്റ്റ് നഗറിൽ നിന്ന് സ്കൂളിംഗും പ്രീഡിഗ്രി ഡിഗ്രി എന്നിവ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും പൂർത്തിയാക്കി. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ സംസ്ഥാന കലോൽസവങ്ങളിൽ പങ്കെടുത്തു തുടങ്ങി. അച്ഛനായ ഒ വി റാഫേലിൽ നിന്ന് തന്നെയാണ് കീബോർഡ് പരിശീലനത്തിന്റെ തുടക്കം, തുടർന്ന് മധുകുമാറെന്ന ഗുരുവിലേക്കെത്തി. നിരവധി ഗുരുക്കന്മാരുടെ അടുക്കൽ നിന്ന് സംഗീതം അഭ്യസിച്ചു.
കോളേജിലെത്തിയപ്പോൾ കേരള സർവ്വകലാശാലയിൽ 5 വർഷം തുടർച്ചയായി വെസ്റ്റേൺ വിന്റ് ഇൻസ്ട്രുമെന്റ് ( ഓർഗൻ/കീബോർഡ്) ജേതാവായിരുന്നു. ഈ ഇനത്തിൽ 2 വർഷം നാഷണൽ ലെവലിലും ഗോൾഡ് മെഡൽ നേടി. സ്കൂളിൽ പഠിക്കുമ്പോൾ ഓൾ ഇന്ത്യ റേഡിയോയുടെ നാഷണൽ വിന്നറുമായിട്ടുണ്ട്. കോളേജിലെ പഠനമാരംഭിച്ചപ്പോൾ മുതൽ സ്വന്തമായി ട്യൂണുകൾ കമ്പോസ് ചെയ്യാനാരംഭിച്ചു. മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ സുഹൃത്തായ ജോർജ്ജ് മാത്യു ലിറിക്കെഴുതുകയും റോണിയതിനു ഈണമൊരുക്കുകയും ചെയ്തിരുന്നു. കോളേജിലെ തന്നെ ഒരു ഇംഗ്ലീഷ് ഗ്രീക്ക് നാടകത്തിനാണ് ആദ്യമായി സംഗീതമൊരുക്കുന്നത്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രൊഫഷണലായി രംഗത്ത് വരുന്നത്. ഹാൻവീവിനു വേണ്ടിയുള്ള പരസ്യചിത്രത്തിനു സംഗീതം നിർവ്വഹിച്ച് കൊണ്ടായിരുന്നു റോണിയുടെ തുടക്കം, തുടർന്ന് ജോൺസ് കുട, ജോസ് ആലൂക്കാസ്, ലോയ്ഡ് തുടങ്ങിയ പ്രഗൽഭമായ ബ്രാന്റുകൾക്ക് ജിംഗിളുകൾ ചെയ്തു. 150തിലേറെ പ്രോഡക്റ്റുകൾക്ക് സംഗീതമൊരുക്കി. സംഗീത സംവിധായകനായ അച്ഛൻ ഒ വി റാഫേൽ ദൂരദർശനുവേണ്ടി സംഗീതം നിർവ്വഹിച്ച ആൽബത്തിലെ ഒരു പാട്ടിനു സംഗീതം നിർവ്വഹിച്ച് കൊണ്ടാണ് ഗാന സംഗീത രംഗത്തേക്ക് തുടക്കമിടുന്നത്. C-DITനു വേണ്ടി സ്ഥിരമായി സംഗീതമൊരുക്കി. സംഗീത സംവിധായകനായ അർജ്ജുനൻ മാസ്റ്ററുടെ മകൻ അനി അർജ്ജുനുമൊത്ത് കാർത്തിക സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പരിചയം റോണിക്ക് അർജ്ജുനൻ മാസ്റ്ററിനു കീഴിൽ അസിസ്റ്റ് ചെയ്യാനുള്ള അവസരവുമായി.
അർജ്ജുനൻ മാസ്റ്ററുമൊത്ത് നിരവധി നാടകങ്ങൾക്കും അദ്ദേഹത്തിന്റെ മരണം വരെയുമുള്ള വർക്കുകൾക്കും സഹായിയയി. തുടർന്ന് സംഗീത സംവിധായകൻ മോഹൻ സിതാരക്കൊപ്പം ഭ്രമരം, തന്മാത്ര, കാഴ്ച, രാപ്പകൽ എന്ന് തുടങ്ങിയ നിരവധി പോപ്പുലർ സിനിമകളിൽ കീബോർഡിസ്റ്റായും ഓർക്കസ്ട്രേഷനിലും മ്യൂസിക് അസിസ്റ്റന്റായുമൊക്കെ വർക്ക് ചെയ്തു. മോഹൻ സിതാരക്ക് പുറമേ, ഔസേപ്പച്ചൻ, മറ്റ് നിരവധി പ്രമുഖ സംഗീത സംവിധായകർക്കൊപ്പം റോണി വർക്ക് ചെയ്തു. "കല്യാണക്കുറിമാനമെന്ന" സിനിമയിലൂടെയാണ് സിനിമാ രംഗത്ത സ്വതന്ത്രസംഗീത സംവിധാനമാരംഭിക്കുന്നത്. കോളേജ് ഡേയ്സെന്ന സിനിമയിൽ "വെണ്ണിലാവിൻ ചിറകിലേറി" എന്ന ഗാനം റോണിയുടേതായി കാമ്പസുകളിൽ പ്രശസ്തമായിരുന്നു. സിനിമകളിലെ പാട്ടുകൾ കമ്പോസ് ചെയ്യുന്നതിലുപരിയായി ഏറെ സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കാൻ റോണിക്ക് കഴിഞ്ഞു. ടിവി ചാനൽ രംഗത്തും കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലെ ന്യൂസ്, ലോഗോ എന്നിവയുടെ സിഗ്നേച്ചർ മ്യൂസിക്കൊക്കെ റോണിയുടേതാണ്. ഏറെ വർഷക്കാലം പോപ്പുലറായി സംപ്രേഷണം ചെയ്യപ്പെട്ടിരുന്ന ജഗപൊഗ, കുങ്കുമപ്പൂ പോലെയുള്ള സീരിയലുകൾക്കും ടെലിഫിലിമുകൾക്കുമൊക്കെ റോണി സ്ഥിരമായി സംഗീതം കൊടുത്തു.
സീരിയൽ രംഗത്തും നിന്നും മികച്ച സംഗീത സംവിധായകനുള്ള അവാർഡും കന്നട സിനിമയിലെ പാട്ടുകൾക്ക് മികച്ച സംഗീത സംവിധായകനുള്ള മിർച്ചി മ്യൂസിക് അവാർഡും ലഭ്യമായി.
മെഗാസ്റ്റാർ മോഹൻലാലിന്റെ പ്രിയദർശൻ ചിത്രമായ മരൈക്കാർ അറബിക്കടലെന്ന സിനിമയിലെ പാട്ടുകൾക്ക് സംഗീതം കൊടുത്ത് കൊണ്ട് റോണി മാധ്യമശ്രദ്ധയാകർഷിച്ചു. 2021ൽ ആറു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ആദ്യത്തെ കുഞ്ഞുകുഞ്ഞാലിക്ക് എന്ന പാട്ട് ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.
അച്ഛൻ ഓ വി റാഫേൽ ഭക്തിഗാന മേഖലയിൽ കേരളത്തിൽ പ്രശസ്തനാണ്. കത്തോലിക്കാ സഭക്ക് വേണ്ടിയുള്ള ഗാനങ്ങൾ തിരുവനന്തപുരം അടിസ്ഥാനമാക്കി സ്ഥിരം കമ്പോസ് ചെയ്തിരുന്നത് ഒ വി ആറായിരുന്നു.ഈ മേഖലയിൽ ഏകദേശം 3000ത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനാണ് അദ്ദേഹം. ആബേലച്ചന്റെ രചനയിൽ ഒ വി ആർ സംഗീതം നിർവ്വഹിച്ച "ഗാഗുൽത്താ മലയിലെന്ന" ഗാനം അതിപ്രശസ്തമാണ്. കനിവോടെ സ്വീകരിക്കണമെ എന്ന് സഭക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനവും വളരെ പ്രശസ്തമാണ്. കെ എസ് ചിത്രയുടെ ആദ്യ സ്റ്റുഡിയോ റെക്കോർഡിംഗ് നിർവ്വഹിക്കുന്നതും ഒ വി ആർ തന്നെയാണ്. റോണിയുടെ അമ്മ റീത്ത ജോസഫ് പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണെങ്കിലും നിരവധി പാട്ടുകൾക്ക് രചനയും നിർവ്വഹിച്ചിരുന്നു. റാണി റാഫേലെന്ന് അറിയപ്പെട്ടിരുന്ന റീത്ത ജോസഫ് 2020 ഡിസംബറിൽ മരണമടഞ്ഞു.
കലാകാരിയും നർത്തകിയുമായ പ്രെറ്റിയാണ് റോണിയുടെ ജീവിത പങ്കാളി. റോൺ, റയാനെന്ന മക്കളും കുടുംബവുമായി തിരുവനന്തപുരത്ത് താമസിക്കുന്നു.