ആഷാദ് ശിവരാമൻ

Aashad Sivaraman

ശിവരാമന്റെയും നന്ദിനിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ നെയാറ്റിൻകരയിൽ ജനിച്ചു. നെയ്യാറ്റിന്‍കര വിദ്യാധിരാജ വിദ്യാനിലയം സ്കൂള്‍, തിരുവനന്തപുരം ഗവ. ആര്‍ട്സ്കോളജ് എന്നിവിടങ്ങളിലായിരുന്നു ആഷാദിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും ജര്‍മനിയിലെ ഹാംബര്‍ഗ് സര്‍വ്വകലാശാല, ആദിത്യജ്യോത് ഐ ഹോസ്പിറ്റല്‍ മുംബൈ, സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍നിന്ന് നേത്രശസ്ത്രക്രിയയില്‍ ഉന്നത ബിരുദങ്ങളും നേടിയ ആഷാദ് കേരളത്തിലും തമിഴ്നാട്ടിലുമായി അന്‍പതിനായിരത്തിലധികം പേര്‍ക്ക് വിജയകരമായി നേത്രശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആഷാദ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ശ്രീനേത്ര റെറ്റിനല്‍ സര്‍ജനാണ് 

ഛായാഗ്രഹണ കലയിലുള്ള താല്‍പര്യമാണ് ആഷാദിനെ സിനിമയിലെത്തിച്ചത്. സംവിധായകന്‍ ആര്‍. സുകുമാരനാണ് സിനിമയിൽ അദ്ധേഹത്തിന്റെ ഗുരു.. ആർ സുകുമാരന്റെ യുഗപുരുഷൻ സിനിമയുടെ തിരക്കഥാരചനയില്‍ ആഷാദ് പങ്കാളിയായിരുന്നു. അതിനുശേഷം ഛായാഗ്രഹണം പഠിയ്കാനായി സിനിമാട്ടോഗ്രാഫർ സിനു സിദ്ധാർത്ഥിനൊപ്പം ലക്ഷ്യം എന്ന ചിത്രത്തിൽ പ്രവർത്തിച്ചു. കണ്ണിന്റെ റെറ്റിനയിൽ ശസ്ത്രക്രിയ ചെയ്യുന്ന ലേസർ മെഷീനുകളുമായാണ് ആഷാദിന്റെ നിരന്തര സമ്പര്‍ക്കം. അതുമായി ട്യൂണ്‍ഡ് ആയതിനാല്‍ സിനിമയുടെ ക്യാമറയുമായി ചേര്‍ന്നുപോകാനാകില്ലെന്നു മനസ്സിലായതോടെ ഛായാഗ്രാഹകനെന്ന മോഹം അദ്ധേഹം ഉപേക്ഷിച്ചു. അതിനുശേഷം സംവിധാന രംഗത്തേയ്ക്ക് തിരിഞ്ഞ ആഷാദ് ആദ്യമായി സംവിധാന്മ് ചെയ്ത ടെലിഫിലിമിനുതന്നെ സംസ്ഥാന സർക്കാരിന്റെ ഏഴു പുരസ്ക്കാരങ്ങൾ നേടാനായി.

ഡോക്റ്റർ ആഷാദ് ശിവരാമന്റെ ഭാര്യ ഡോക്റ്റർ ധന്യ. അർജ്ജുൻ, ആകാശ് എന്നിവരാണ് മക്കൾ.