ഒ വി റാഫേൽ

O V Raphael

എറണാകുളം വടക്കൻ പറവൂർ സ്വദേശി. സെമിനാരിയിൽ 9 വർഷം പഠിച്ചതിനാൽത്തന്നെ ക്രിസ്ത്യൻ ഭക്തിഗാന മേഖലയിൽ വളരെയധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി പ്രശസ്തി നേടിയ സംഗീതജ്ഞനാണ്  ഒ വി റാഫേലെന്ന ഒ വി ആർ. കത്തോലിക്കാ സഭക്ക് വേണ്ട ഗാനങ്ങളൊക്കെ ചിട്ടപ്പെടുത്താനായി സ്ഥിരം സംഗീതജ്ഞനായി ബിഷപ്പ് ഒ വി ആറിനെ ചുമതലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി കത്തോലിക്കാ സഭക്ക് വേണ്ടി ഏറെ ഗാനങ്ങൾ കമ്പോസ് ചെയ്തു. ഈ മേഖലയിൽ ഏകദേശം 3000ത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു. ആബേലച്ചന്റെ രചനയിൽ ഒ വി ആർ സംഗീതം നിർവ്വഹിച്ച "ഗാഗുൽത്താ മലയിലെന്ന" ഗാനം അതിപ്രശസ്തമാണ്. "കനിവോടെ സ്വീകരിക്കണമെ" എന്ന് സഭക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനവും വളരെ പ്രശസ്തമാണ്.

കെ എസ് ചിത്രയുടെ ആദ്യ സ്റ്റുഡിയോ റെക്കോർഡിംഗ് നിർവ്വഹിക്കുന്നതും ഒ വി ആർ തന്നെയാണ്. ആകാശവാണിയിലെ കോറൽ സംഘം പരിശീലിച്ചിരുന്നത് ഒ വി ആറായിരുന്നു. അങ്ങനെയാണ് ജൂനിയർ കോറൽ ഗ്രൂപ്പിലുണ്ടായിരുന്ന ചിത്രയെ തിരഞ്ഞെടുത്ത് ‌നീലാംബരി എന്ന സിനിമക്ക് വേണ്ടി ജ്യോതിസേ ദിവ്യജ്യോതിസേ നിന്നേപ്പുണരാൻ എന്ന പാട്ട്  പാടിക്കുന്നത്. നീലാംബരിയും അതിലെ പാട്ടുകളും പുറത്തിറങ്ങിയിരുന്നില്ല. 

ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന ഒ ‌വി ആർ കീബോർഡിനു പുറമേ അക്കോർഡിയനും കൈകാര്യം ചെയ്തിരുന്നു.വത്തിക്കാൻ റേഡിയോ ആദ്യമായി സംപ്രേഷണം ചെയ്ത മലയാള ഗാനം ഒ വി ആർ സംഗീതം നിർവ്വഹിച്ച കനിവോടെ കനിയേണമെ എന്നതായിരുന്നു. ഭാര്യ റീത്ത ജോസഫ് പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണെങ്കിലും നിരവധി പാട്ടുകൾക്ക് രചനയും നിർവ്വഹിച്ചിരുന്നു. റാണി റാഫേലെന്ന് അറിയപ്പെട്ടിരുന്ന റീത്ത ജോസഫ് ‌2019ൽ മരണമടഞ്ഞു.

മൂത്തമകനും സംഗീത സംവിധായകനായ റോണിയുൾപ്പടെ മൂന്ന് മക്കളാണ്.