ലളിതശ്രീ
ഫോട്ടോ തന്ന് സഹായിച്ചത് : മഹേഷ്
തെന്നിന്ത്യൻ ചലച്ചിത്രനടി. ഡോക്ടർ ചന്ദ്രശേഖരൻ നായരുടെയും സരസ്വതിയമ്മയുടെയും മകളായി 1957 ഒക്ടോബർ 30ന് കോട്ടയത്ത് ജനിച്ചു. സുഭദ്ര എന്നതായിരുന്നു ശരിയായ പേര്. അച്ഛന്റെ ജോലി ആന്ധ്രയിൽ ആയിരുന്നതിനാൽ അവർ അവിടെയ്ക്ക് താമസം മാറ്റി. ലളിതശ്രീ ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അവരുടെ അച്ഛൻ മരിച്ചു. അതോടെ പഠിപ്പ് മുടങ്ങി. പിന്നീട് അവർ കുടുംബസമേതം മഡ്രാസിലേയ്ക്ക് താമസം മാറ്റി. അമ്മയുടെ ചികിത്സാചിലവിനും സഹോദരങ്ങളുടെ പഠനത്തിനും പണമില്ലാതെ ബുദ്ധിമുട്ടിയപ്പോളാണ് ലളിതശ്രീ സിനിമാഭിനയം തന്റെ ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തത്.
1975 ൽ ഉണർച്ചികൾ എന്ന കമലഹാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ലളിതശ്രീയുടെ സിനിമാജീവിതം ആരംഭിയ്ക്കുന്നത്. അതിനെതുടർന്ന് മധുരം തിരുമധുരം എന്ന ചിത്രത്തിൽ പപ്പുവിന്റെ നായികയായി മലയാളത്തിൽ അഭിനയിച്ചു. കോമഡി റോളുകളാണ് കൂടുതലും ചെയ്തിരുന്നത്. ലളിതശ്രീ അഭിനയിച്ചവയിൽ ഭൂരിഭാഗവും മലയാളസിനിമകളായിരുന്നു. ആദാമിന്റെ വാരിയെല്ല്, പറങ്കിമല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, മുഹൂർത്തം 11.30, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം.. തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്തു. നാനൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ ലളിതശ്രീ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിൾ സിനിമകൾ കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ കടമറ്റത്തുകത്തനാർ അടക്കം ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വിജയഭാരതി എന്നയാളെ ലളിതശ്രീ വിവാഹം ചെയ്തെങ്കിലും താമസിയാതെ ആ ബന്ധം വേർപിരിഞ്ഞു. ഇപ്പോൾ ലളിതശ്രീ ഡബ്ബിംഗ് ആർട്ടിസ്റ്റായും ഹിന്ദി, തെലുങ്കു സീരിയലുകൾ തമിഴിലേയ്ക്ക് മൊഴിമാറ്റുന്ന ജോലിയും ചെയ്തുവരുന്നു.