ചിറകൊടിഞ്ഞ കിനാവുകൾ
അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രം ഈ സിനിമയിലൂടെ വീണ്ടും വരികയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. അംബുജാക്ഷന്റെ കഥയിലെ പോലെ തന്നെ തയ്യല്‍ക്കാരനും മരംവെട്ടുകാരന്റെ മകളും ധനികനായ പ്രവാസിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമയിലെ സ്ഥിരം ക്ലീഷേ അവതരണങ്ങളെയും സൂപ്പർഹിറ്റ് സിനിമകളിൽ നിന്നുള്ള ഡയലോഗുകളെയും സ്പൂഫ് ചെയ്തുകൊണ്ടാണ് ചിറകൊടിഞ്ഞ കിനാവുകൾ കഥ പറയുന്നത്. ഇങ്ങനെ മുൻ സിനിമകളെ തന്നെ ഉടനീളം സ്പൂഫ് ചെയ്തുകൊണ്ട് ഒരു സിനിമ ഉണ്ടാക്കുന്നത് മലയാളത്തിൽ ആദ്യമാണ്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’. രചന പ്രവീണ്‍ എസ് ചെറുതറ. ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകുന്നത് ദീപക് ദേവാണ്. ഛായാഗ്രഹണം എസ് വൈദിയും, ചിത്രസംയോജനം മഹേഷ് നാരായണനും നിർവ്വഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.