സൃന്ദ

Srinda

മലയാള ചലച്ചിത്ര നടി. 1985 ഓഗസ്റ്റ് 20 ന് കൊച്ചിയിൽ ജനിച്ചു. ഫോർട്ട് കൊച്ചി ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്ക്കൂൾ, പള്ളുരുത്തി ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സൃന്ദയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തേവര സേക്രട്ട് ഹാർട്ട് ഹാർട്ട് കോളേജിൽന്നിന്നും ബിരുദം നേടി. പഠിക്കുന്നകാലത്തു തന്നെ സൃന്ദയുടെ മനസ്സു നിറയെ സിനിമാമോഹങ്ങളായിരുന്നു.

ടെലിവിഷൻ ആങ്കറായിട്ടാണ് സൃന്ദ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് മോഡലായി സൃന്ദ വർക്ക് ചെയ്തു. ഡോക്യുമെന്റ്രി ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തു. ഇവയെല്ലാം സിനിമയിലേയ്ക്കെത്തുന്നതിന് സൃന്ദയെ സഹായിച്ചു.  2010 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രൻഡ്സ്  എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സൃന്ദ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആ വർഷം തന്നെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലും അഭിനയിച്ചു. 2013 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായതോടെ സൃന്ദ ശ്രദ്ധിയ്ക്കപ്പെട്ടു. ഠമാർ പഡാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട് എന്നീ സിനിമകളിലെ നായികാതുല്യമായ സൃന്ദയുടെ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധനേടി.

അൻപതിലധികം ചിത്രങ്ങളിൽ സൃന്ദ അഭിനയിച്ചിട്ടുണ്ട്. വെണ്ണിലാവീട് എന്ന തമിഴ് സിനിമയിലും സൃന്ദ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഹീറോ, ചൈനാ ടൗൺ, കാസനോവ എന്നീ ചിത്രങ്ങളിൽ ടെക്നിക്കൽ ക്രൂ മെമ്പറായും സൃന്ദ പ്രവർത്തിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായിക ഷോൺ റോമിയ്ക്ക് ശബ്ദം കൊടുത്തുകൊണ്ട് ഡബ്ബിംങ്ങിലും ശൃന്ദ തന്റെ കഴിവു തെളിയിച്ചു.

സിജു എസ് ബാവയാണ് ജീവിത പങ്കാളി.