സമീറ സനീഷ്

Sameera Saneesh

കൊച്ചി സ്വദേശിനി.  ഭാരത് മാതാ കോളേജിൽ നിന്ന് ബിരുദപഠനത്തിനു ശേഷം കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമയെടുത്തു. ഫാഷൻ പഠനത്തിനു ശേഷം റെയ്മണ്ടിലെ ഇൻ-ഹൗസ് ഡിസൈനറായി ജോലി നോക്കി. തുടർന്ന് സൗന്ദര്യ സിൽക്ക്സ്, ഭീമ, ആലൂക്കാസ്, കല്യാൺ സിൽക്സ്, ജോസ്കോ തുടങ്ങിയവരുടെ ആഡ് ഫിലിംസിനു വേണ്ടീ കോസ്ട്യൂം ഡിസൈൻ ചെയ്തു. യാദൃശ്ചികമായാണ് സിനിമയിലെത്തിപ്പെടുന്നത്. ഐജാസ് ഖാൻ സംവിധാനം ചെയ്ത “ദി വൈറ്റ് എലിഫന്റ്” എന്ന ചിത്രത്തിലാണ് സമീറ സിനിമക്ക് വേണ്ടി കോസ്ട്യൂം ചെയ്ത് തുടങ്ങുന്നത്. തുടർന്ന് മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങൾക്ക് കോസ്ട്യൂം ഡിസൈൻ ചെയ്ത് ശ്രദ്ധേയയായി,ആ മേഖലയിൽ മുൻനിരയിലേക്കുയരുകയും ചെയ്തു. സ്കൂൾ കാലഘട്ടത്തിൽ ജവഹർ ബാല ഭവനിലെ പെയിന്റിംഗ് ക്ലാസ്സുകൾ ഡിസൈനിംഗിന് സഹായകമായി. സിനിമാ മേഖലയിലെത്താൻ പ്രേരകരായി മാറിയത് ഭർത്താവും സോഫ്റ്റെയർ എഞ്ചിനീയറുമായ സനീഷ് കെ ജെയും, മാതാപിതാക്കളായ ഇബ്രാഹിമും ജമീലയുമാണ്. 

സിനിമയിലെ വസ്ത്രാലങ്കാരമേഖലയില്‍ സ്ത്രീകള്‍ കുറവായിരുന്നത് കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുത്ത സമീറയുടെ സിനിമാ യാത്രയിലെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് സമീറയുടേതായി ‘അലങ്കാരങ്ങളില്ലാതെ - A designer’s diary’ എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. സമീറയുടെ സിനിമാ കരിയറിലെ ആദ്യസിനിമയുടെ സംവിധായകനായ ആഷിഖ് അബുവും ആദ്യസിനിമയിലെ നായകനായ മമ്മൂട്ടിയും ചേര്‍ന്ന് പ്രകാശനം ചെയ്‌തിരുന്നു. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിത്തയ്യാറാക്കിയത്.

2014ൽ വിവിധ ചിത്രങ്ങൾക്കും, 2018ൽ കമ്മാരസംഭവം എന്ന സിനിമക്കുമായി രണ്ട് പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ മികച്ച കോസ്റ്റ്യൂമിനുള്ള അവാർഡും സമീറ നേടിയിട്ടുണ്ട്.

അവലംബം : ഹിന്ദു ദിനപത്രം ആർട്ടിക്കിൾ