എസ് എൻ സ്വാമി

S N Swami

ശിവറാം - ലക്ഷ്മി ദമ്പതികളുടെ പുത്രനായി എറണാകുളത്ത്  ജനനം. എസ് ആർ വി  ഹൈസ്കൂളിലാണ് പഠനം. മെട്രിക്കുലേറ്റ് (എസ് എസ് എൽ സി) വിദ്യാഭ്യാസത്തേത്തുടർന്ന് ബോംബെയിൽ എത്തി വളരെക്കാലം ഏകദേശം മുപ്പതോളം കമ്പനികളിലായി പല ജോലികളും ചെയ്തു. തുടർന്ന് നാട്ടിലെത്തിയ സ്വാമി വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് കടന്ന് വരുന്നത്. വീടിനടുത്ത് നടന്ന ഒരു സിനിമാ ഷൂട്ടിംഗാണ് സ്വാമിയെ ഒരു സിനിമാക്കാരൻ ആക്കി മാറ്റുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ശ്രീനിവാസൻ ചിത്രമായ "മണിമുഴക്കമാ"യിരുന്നു ആ സിനിമ. അതിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് പരിചയപ്പെട്ട ഛായാഗ്രാഹകൻ വിപിൻ ദാസുമായുള്ള അടുപ്പം സ്വാമിയെ മറ്റ് സിനിമയുടെ പിന്നണികളിലേക്കും ഷൂട്ടിംഗ് ലൊക്കേഷനുകളിലുമൊക്കെ എത്തിക്കുകയായിരുന്നു. സിനിമാ സർക്കിളുകളിൽ പലരുടേയും സൗഹൃദം പിടിച്ച് പറ്റിയ സ്വാമിക്ക് ആദ്യമായി കഥാകൃത്തിന്റെ അവസരമൊരുക്കിയത് ജഗൻ പിക്ചേർസിന്റെ അപ്പച്ചനാണ്.  സ്വാമി എഴുതിയ കഥക്ക്  പ്രശസ്ത കഥാകൃത്തായ പെരുമ്പടവം ശ്രീധരനാണ് തിരക്കഥയെഴുത്തിയത്, എങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് കോർഡിനേറ്ററുടെ റോളിലാണ് സ്വാമി, ഭരതൻ ചിത്രമായ “ചാമരത്തിൽ” പ്രവർത്തിച്ചത്. ചാമരം, സിനിമയുടെ സർവ്വ മേഖലകളിലും സ്വാമിയെ പരിചിതനാക്കി.

പല ചിത്രങ്ങളിലും സഹകരിച്ചുവെങ്കിലും മോഹൻലാൽ ചിത്രമായ “കൂടും തേടി”യാണ് സ്വാമിയുടെ ആദ്യ സ്വതന്ത്ര സംരംഭം. സുഹൃത്തായ ഡെന്നീസ് ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് കെ മധുവിനു വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്നത്. ഡെന്നീസിന്റെ കഥക്ക് മോഹൻലാലിന്റെ ഡേറ്റ് കിട്ടിയിരുന്നെങ്കിലും ആ സമയത്ത് തിരക്കിലകപ്പെട്ട ഡെന്നീസ് തന്നെയാണ് കെ മധുവിനോട്  സ്വാമിയെ നിർദ്ദേശിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാവുകയായിരുന്നു അന്ന്. "ഇരുപതാം നൂറ്റാണ്ട്" എന്ന സൂപ്പർഹിറ്റ് ചിത്രമാണ് അതിന്റെ ഫലമായി പുറത്തിറങ്ങിയത്. തുടർന്ന് വന്ന സിബിഐ ഡയറിക്കുറിപ്പ്, മറ്റ് സീബിഐ സീരീസ് ചിത്രങ്ങളൊക്കെ എസ് എൻ സ്വാമി, കെ മധു കൂട്ടുകെട്ടിൽ ഹിറ്റുകളായി മാറി.  67 ഓളം സിനിമകൾക്ക് തിരക്കഥയൊരുക്കിയതിൽ മമ്മൂട്ടിക്ക് വേണ്ടി 44 സിനിമകളും മോഹൻലാലിനു വേണ്ടി 16ഉം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി.

ഭാര്യ ഉമ. മകൻ ശിവറാം, മകൾ ശ്രീലക്ഷ്മി