വിജയ് ബാബു
അഭിനേതാവ്,നിർമ്മാതാവ്. 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു. 2002-ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് അതിൽ നിന്നും രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009- ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്ന് സൂര്യ ടിവിയിൽ ജോയിൻ ചെയ്തു.
വിജയ് ബാബു 1983- ൽ ബാല നടനായി സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് 2011- ൽ ത്രീ കിംഗ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. നീന, ആകാശവാണി എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. വിജയ് ബാബു സാൻഡ്രാ തോമസുമായി ചേർന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന പേരിൽ ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകൾ ഫ്രൈഡെയ്ക്ക് ലഭിച്ചു. തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, സൂഫിയും സുജാതയും എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ ഫ്രൈഡെ ഫിലിം ഹൗസ് നിർമ്മിച്ചു. 2014- ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു.
വിജയ് ബാബുവിന്റെ ഭാര്യ സ്മിത, ഒരു മകനാണുള്ളത് ഭരത്.