നരണിപ്പുഴ ഷാനവാസ്
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം നരണിപ്പുഴ സ്വദേശി. മൂക്കുതല P C N G ഹൈസ്കൂൾ പുന്നയൂർക്കുളം പ്രതിഭാ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. മലപ്പുറം എടപ്പാളിലെ തന്നെ Eye2eye ഫിലിം സ്കൂളിൽ അംഗമായിരുന്നു. നൂറിലധികം പരസ്യചിത്രങ്ങളും അഞ്ച് ഹ്രസ്വചിത്രങ്ങളും മൂന്ന് ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ഇവയിൽ പലതും പുരസ്ക്കാരങ്ങൾ നേടിയവയാണ്. 2010ലെ എഗ്ഗ് & അബി എന്ന ഷോർട് ഫിലിമിന് സംസ്ഥാന അവാർഡ് ലഭ്യമായി. 2009ൽ ജോർദ്ദാനിൽ നടന്ന അന്താരാഷ്ട്ര ഷോർട് ഫിലിം ഫെസ്റ്റിവലിൽ ഷാനവാസിന്റെ ഒമ്പത് സെന്റിമീറ്റർ എന്ന സിനിമ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രാജ്യാന്തര പുരസ്കാരം ലഭിച്ചിരുന്നു. 2013ൽ അവിചാരിത എന്ന മലയാള ചിത്രം സംവിധാനം ചെയ്തിരുന്നു എങ്കിലും ചിത്രം റിലീസായില്ല. 2015ൽ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന സിനിമ ദേശീയ സിനിമാ പുരസ്കാരത്തിനുള്ള അവസാന റൌണ്ടിൽ ഇടം നേടിയിരുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കരിയിൽ പൊന്നാനി സ്വദേശിയായ കെ ടി സതീശൻ എന്ന നാടകപ്രവർത്തകനാണ് മുഖ്യകഥാപാത്രമായി അഭിനയിച്ചത്. മതവും മനുഷ്യനും തമ്മിലുള്ള തിരസ്കരണവും സ്വീകാര്യതയുമൊക്കെ പ്രമേയമാക്കി കരിങ്കാളി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ തയ്യാറാക്കിയത്.
ഏറെ നിരൂപക പ്രശംസ നേടിയ കരിക്ക് ശേഷം ഷാനവാസ് കൊമേഴ്സ്യലായി ഒരുക്കിയ റൊമാന്റിക് ത്രില്ലറാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യപ്പെട്ട സൂഫിയും സുജാതയും ആദ്യത്തെ ഒടിടി റിലീസിംഗിനെത്തുന്ന സിനിമയായി ചരിത്രത്തിൽ ഇടം പിടിച്ചു.