നിവിൻ പോളി
എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11നു ജനിച്ചു. പിതാവ് പോളി ബോണപ്പാർട്ട് സ്വിറ്റ്സർലണ്ടിലെ ഒരു കമ്പനിയിൽ മെക്കാനിക്ക് ആയിരുന്നു അമ്മ ത്രേസ്യാമ്മ സ്വിസ് ഹോസ്പിറ്റലിലെ നഴ്സും. അഭിനയത്തിൽ താല്പര്യമുള്ള ആളായിരുന്നു അച്ഛൻ പോളി. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു നിവിന്റെ മുത്തച്ഛൻ.
രാജഗിരി ഹൈസ്കൂളിൽ പ്രാഥമികവിദ്യാഭാസം പൂർത്തിയാക്കിയ നിവിൻ, 2006-ൽ ഫെഡറൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം നേടി. തുടർന്ന് ബാംഗ്ലൂർ ഇൻഫൊസിസ്സിൽ ഒരു വർഷം ജോലി ചെയ്തു. 2008-ൽ പിതാവിന്റെ മരണശേഷം സ്വദേശത്ത് താമസമായി.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിൽ പങ്കെടുത്തു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി മലയാളസിനിമാ ലോകത്തേക്ക് കടന്നു വന്നു. 2012ൽ വിനീത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ "വിനോദ്'" പ്രേക്ഷക പ്രശംസ നേടിയെടുത്തു. 2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിന് പുറത്തേക്കും നിവിൻ എന്ന നടന്റെ താര മൂല്യം വർധിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന സിനിമയിൽ ജൂഡ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായിരുന്നു. 2016-ൽ ആക്ഷൻ ഹീറോ ബിജു എന്ന ഹിറ്റ് സിനിമയിലൂടെ അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും പ്രവേശിച്ചു.
2014 -ൽ ബാംഗ്ലൂർഡേയ്സ് , 1983 എന്നീ സിനിമകളിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മൂത്തോൻ എന്ന സിനിമയിലെ അക്ബർ ഭായ് എന്ന കഥാപാത്രത്തിന് 2019 ലെ സംസഥാനചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേകപരാമർശവും മികച്ച നടനുള്ള ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചു.
ഇതിനു പുറമെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, ഏഷ്യനെറ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ആനന്ദവികടൻ സിനിമാ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
2011 ഓഗസ്റ്റ് 8 നു സഹപാഠിയും കൂട്ടുകാരിയുമായിരുന്ന റിന്ന ജോയെ വിവാഹം ചെയ്തു. ദാവീദ് പോളിയെന്ന മകനും ഒരു മകളും അടങ്ങുന്നതാണ് കുടുംബം
നിവിന്റെ ഫേസ്ബുക്ക് പേജ്