നിത്യ മേനോൻ

Nithya Menon
Date of Birth: 
Friday, 8 April, 1988
ആലപിച്ച ഗാനങ്ങൾ: 6

ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ മലയാളിദമ്പതികളാണ് നിത്യയുടെ മാതാപിതാക്കൾ.അച്ഛന്റെ സ്വദേശം കോഴിക്കോടും അമ്മയുടേത് പാലക്കാടും.

പത്താം വയസ്സിൽ, "ഹനുമാൻ-ദ് മങ്കി ഹൂ ന്യൂ റ്റൂ മച്ച്" എന്ന ഇൻഡ്യൻ-ഇംഗ്ലീഷ് സിനിമയിൽ ബാലതാരമായാണ് നിത്യ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വിദ്യാഭ്യാസത്തിനുശേഷം "സെവൻ ഓ ക്ലോക്ക്" എന്ന കന്നഡചിത്രത്തിൽ അഭിനയിച്ചു. പരസ്യങ്ങൾക്കും മാഗസിനുകൾക്കും മോഡലായിരുന്ന നിത്യയ്ക്ക്,ആ വഴിയാണ് മലയാള സിനിമയിലേയ്ക്ക് വഴിതുറന്നത്. ആദ്യമലയാളസിനിമ കെ പി കുമാരന്റെ "ആകാശഗോപുരം". തുടർന്ന്  അഭിനയിച്ച "ജോഷ്" എന്ന കന്നഡ സിനിമയിലെ പ്രകടനത്തിന് 57ആമത് സൗത്ത് ഫിലിം ഫെയർ അവാർഡ്സിൽ മികച്ച സഹനടിയ്ക്കുള്ള നോമിനേഷൻ നേടി.

തുടർന്ന് മലയാളസിനിമകളിൽ സക്രിയമായ നിത്യമേനോന്, 2011ൽ, സുഹൃത്തായ നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത "Ala Modalaindi" എന്ന സിനിമയിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറി. ആ സിനിമയിലെ പ്രകടനത്തിന് മികച്ച നടിയ്ക്കള്ള നന്ദി അവാർഡ്,മികച്ച തെലുങ്ക് നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവ കൂടാതെ മികച്ച തെലുഗു പിന്നണി ഗായികയ്ക്കുള്ള അവാർഡും കരസ്ഥമാക്കാനായി.

ജയേന്ദ്ര സംവിധാനം ചെയ്ത "180" എന്ന സിനിമയിലെ നായികാവേഷത്തിലൂടെയായിരുന്നു തമിഴ് സിനിമാപ്രവേശം. അതിലെ അഭിനയത്തിന് 2011ലെ മികച്ച നടിയ്ക്കുള്ള വിജയ് അവാർഡ്സ് നാമനിർദ്ദേശം നേടാനും നിത്യയ്ക്കായി.

തെന്നിന്ത്യൻ ഭാഷകളിലെ മികച്ച മുൻനിര അഭിനേത്രിമാരിൽ ഒരാളാണ് നിത്യ ഇന്ന്. അഭിനയത്തിനു പുറമേ സിനിമകളിൽ പിന്നണി പാടിയും ശ്രദ്ധേയയാണ് നിത്യ മേനോൻ.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം ബിരുദധാരിയാണ് നിത്യ. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഡ്യയിൽ നിന്ന് സിനിമാറ്റോഗ്രഫി കോഴ്സ് പഠിച്ചിട്ടുമുണ്ട്.

Nithya Menon