എം ഒ ദേവസ്യ

M O Devasya

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് കണ്ണാടിയിൽ, മാലിത്തറ വീട്ടിൽ ഓസേഫ് ചെറിയാൻ്റെയും ക്ലാരയുടെയും മകനായി ജനിച്ചു.
    1960 ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ മേക്കപ്പ്മാനായ കെ.വേലപ്പൻ്റെ സഹായിയായി സിനിമയിലെത്തിയ എം.ഒ.ദേവസ്യ, പിന്നിട്  ഒട്ടേറെചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം അസിസ്റ്റൻ്റായി പ്രവർത്തിച്ചു. അവയിലേറെയും ഉദയായുടെ ചിത്രങ്ങളായിരുന്നു. 
    പി.എൻ.കൃഷ്ണൻ, കെ.വി. ഭാസ്കരൻ, എം.എസ്. നാരായണൻ തുടങ്ങിയവരോടൊപ്പവും ചമയസഹായിയായി പ്രവർത്തിച്ചിട്ടുള്ള ദേവസ്യ സ്വതന്ത്ര മേക്കപ്പ്മാൻ ആവുന്നത്1971ലെ ഒരു പെണ്ണിൻ്റെ കഥ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് നിരവധി സിനിമകളിൽ ചമയവിഭാഗം കൈകാര്യം ചെയ്ത ഇദ്ദേഹം, പിൽക്കാലത്ത് മലയാള സിനിമയിൽ ഏറ്റവുമധികം തിരക്കുള്ള മേക്കപ്പ്മാനായും മാറി. ഐ.വി. ശശിയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ചമയം നിർവ്വഹിച്ചിരുന്നത് എം.ഒ.ദേവസ്യയായിരുന്നു. 
    മേക്കപ്പിനു പുറമേ അഭിനയത്തിലും കഴിവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം, ബോബനും മോളിയും, മരം, അഭിനന്ദനം, ഉണരൂ തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു.  1988ൽ ഇറങ്ങിയ 'ജന്മശത്രു' എന്ന ചിത്രം നിർമ്മിക്കുകയും I993ലെ ഗാന്ധാരി എന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാവുകയും ചെയ്തിട്ടുണ്ട്. 
    കുട്ടിയമ്മയാണ് എം.ഒ.ദേവസ്യയുടെ ഭാര്യ. ഇദ്ദേഹത്തിൻ്റെ മകനായ ജോർജ്ജ്, പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ്മാനും സിനിമാനിർമ്മാതാവുമാണ്..
    നാല്പത് വർഷത്തോളം മലയാളസിനിമയിൽ ചമയരംഗത്ത് നിറഞ്ഞു നിന്നിരുന്ന എം.ഒ. ദേവസ്യ  2008 ജനുവരി 14 ന്  അന്തരിച്ചു. 2007 ൽ പുറത്തിറങ്ങിയ പായുംപുലി എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.