ആറാട്ട്
ഉത്സവങ്ങൾക്ക് വെടിക്കെട്ടു നടത്തുന്ന രണ്ടുപേർ തമ്മിലുള്ള പക, തീപിടിച്ച വെടിമരുന്നു പോലെ ആളിപ്പടരുമ്പോൾ കത്തിയമരുന്ന അനേകം ജീവിതങ്ങളുടെ കഥ
Actors & Characters
കഥ സംഗ്രഹം
അമ്പലത്തിൽ ആറാട്ടിനോടനുബന്ധിച്ച് മത്സരവെടിക്കെട്ട് അരങ്ങേറുകയാണ്. പത്രോസിൻ്റെയും വറീതിൻ്റെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് വെടിക്കെട്ടു നടത്തുന്നത്. പതിവുപോലെ ഇത്തവണയും വറീതിൻ്റെ വെടിക്കെട്ട് കേമമാകുന്നു. അതിൽ പത്രോസിൻ്റെ മകൻ ആൻ്റണിക്ക് ദേഷ്യമുണ്ട്.
വറീതാണ് സംഘത്തിൻ്റെ ആശാനെങ്കിലും പണം കൈകാര്യം ചെയ്യുന്നത് ചാക്കോയാണ്. ധൂർത്തനും, സ്ത്രീജിതനുമായ അയാളെ എതിർക്കാൻ വറീതിനും കൂട്ടുകാരൻ ഫിലിപ്പോസിനും ധൈര്യം പോരാ.
വെടിക്കെട്ടു കഴിഞ്ഞ് വറീതും കൂട്ടരും 'മിനുങ്ങാൻ' പോകുന്നു. വറീതിൻ്റെ മകൻ ജോയി നാട്ടിലേക്കു മടങ്ങുന്നു. വീട്ടിലേക്കുള്ള വഴിയിൽ അയാൾ ചാക്കോയുടെ മകൾ ലിസിയെ കാണുന്നു. ബാല്യകാലം മുതലെ കളിച്ചു വളർന്ന അവർ പ്രണയബദ്ധരാണ്. ലിസിയുടെ അമ്മ അന്നാമ്മയ്ക്കും ജോയിയെ ഇഷ്ടമാണ്.
ലിസിയുടെ കൂട്ടുകാരിയാണ് ഫിലിപ്പോസിന്റെ മകളായ മേരി. രണ്ടാനമ്മയുടെ കുത്തുവാക്കുകൾ കേട്ടു മടുത്ത, അന്ധയായ മേരിക്ക് ആശ്വാസം ലിസിയും ജോയിയുമാണ്. ജോയിക്കും അവളെ വലിയ കാര്യമാണ്. ഇത്തവണ വെടിക്കെട്ടുകഴിഞ്ഞു വന്നപ്പോൾ ജോയി കൊണ്ടുക്കൊടുത്ത കുഞ്ഞുകുരിശ് മേരിയെ സന്തോഷിപ്പിക്കുന്നു.
ക്രൂരനായ ചാക്കോയുടെ ഉപദ്രവങ്ങൾ വേണ്ടുവോളം അന്നാമ്മ അനുഭവിക്കുന്നുണ്ട്. ശാരീരികവേഴ്ചയ്ക്കിടയിൽ മാറിടത്തിൽ ബീഡിത്തീ കൊണ്ടു പൊള്ളിക്കുന്നത് അയാളുടെ വിനോദമാണ്. പൊള്ളലേറ്റ വേദന കാരണം അമ്മച്ചി നിലവിളിക്കുന്നത് ലിസി പലതവണ കേട്ടിട്ടുണ്ട്.
അമ്പലത്തിൽ നടത്തിയ വെടിക്കെട്ടിനു കിട്ടിയ പണത്തിൻ്റെ വിഹിതം വറീതിനോ ഫിലിപ്പോസിനോ കിട്ടിയിട്ടില്ല. നേരത്തേയും ചാക്കോ ഓരോരോ കാരണങ്ങൾ പറഞ്ഞ് പണം കൊടുക്കാതിരുന്നിട്ടുണ്ട്. ഇത്തവണ, പക്ഷേ, പണത്തെച്ചൊല്ലി വറീതും ചാക്കോയും തർക്കിക്കുന്നു. ചാക്കോ പിണങ്ങിപ്പോകുന്നു. എന്നാൽ ഫിലിപ്പോസ് വറീതിനൊപ്പം നിൽക്കുന്നു.
പള്ളിയിൽ നിന്നു വരുന്ന ലിസിയെ ആൻറണി ശല്യം ചെയ്തതിൻ്റെ പേരിൽ അയാളും ജോയിയും തമ്മിൽ അടി നടക്കുന്നു. തൻ്റെ മകളെ ആൻ്റണി ശല്യം ചെയ്തത് ചോദിക്കാൻ ചാക്കോ പത്രോസിൻ്റെ വീട്ടിലെത്തുന്നു. എന്നാൽ ആൻ്റണിക്ക് ലിസിയെ കെട്ടണമെന്നുണ്ട് എന്ന് പത്രോസ് പറയുമ്പോൾ ചാക്കോ സമ്മതിക്കുന്നു. വറീതിനോട് പിണങ്ങിയതിനാൽ അയാൾക്കും പത്രോസിന്റെ കൂടെക്കൂടിയേ പറ്റൂ. ലിസി വിവാഹത്തിനെതിരാണെങ്കിലും, അപ്പനെപ്പേടിച്ച് ഒന്നും മിണ്ടുന്നില്ല.
ചാക്കോയുടെ പെങ്ങളുടെ മകനായ ഉതുപ്പ് ഒരു പിടിപ്പില്ലാത്തവനാണ്.അമ്മയും അച്ഛനുമില്ലാത്ത അയാൾ ചാക്കോയുടെ വീട്ടിലാണ് താമസം. ഒരു ദിവസം, അന്ധയായ മേരി കുളിക്കുമ്പോൾ അയാൾ കുളിമുറിയിൽ കയറി നില്ക്കുന്നു. പിന്നീട് അതിൽ കുറ്റബോധം തോന്നിയ അയാൾ പള്ളിയിലെത്തി അച്ചനോട് നടന്നതെല്ലാം പറയുന്നു. മേരിയെ ഉതുപ്പിന് കെട്ടിച്ചു കൊടുക്കാൻ അച്ചൻ ഫിലിപ്പോസിനെ ഉപദേശിക്കുന്നു. അന്ധയായ മകൾക്ക് വിവാഹം നടക്കുമെന്നതിനാൽ ഫിലിപ്പോസിനും എതിർപ്പില്ല.
എന്നാൽ, വിവാഹാലോചനയുമായി ചെല്ലുന്ന ഫിലിപ്പോസിനോട് ചാക്കോ പകരം ആവശ്യപ്പെടുന്നത് വെടിമരുന്നിൽ കൃത്രിമം കാണിച്ച് വറീതിനെ ചതിക്കാനാണ്. ഗത്യന്തരമില്ലാതെ, ഫിലിപ്പോസ് രഹസ്യമായി വെടിപ്പുരയിലെത്തി വെടിമരുന്നിൽ മായം കലർത്തുന്നു. അതു കാരണം പള്ളിപ്പെരുന്നാളിന് വറീതിൻ്റെ പടക്കങ്ങൾ പൊട്ടാതെ ചീറ്റിപ്പോകുന്നു. കാര്യം മനസ്സിലാക്കിയ വറീത് ഫിലിപ്പോസിനെ സംഘത്തിൽ നിന്നു പുറത്താക്കുന്നു.
ഉതുപ്പും മേരിയുമായുള്ള വിവാഹം ഉറപ്പിക്കുന്നു. അവളെക്കാണാൻ ചെന്ന ലിസി മേരിക്ക് ജോയിയോട് പ്രണയമായിരുന്നു എന്നു മനസ്സിലാകുന്നു. എന്നാൽ ജോയി അവളെ പെങ്ങളെപ്പോലെയേ കണ്ടിട്ടുള്ളൂ. വിവാഹരാത്രിയിൽ ഉതുപ്പ് മദ്യപിച്ചു ബോധം കെടുന്നു. അതവസരമാക്കി ചാക്കോ മേരിയെ പ്രാപിക്കുന്നു. അന്ധയായ അവൾ ഉതുപ്പ് ആണെന്നു കരുതി വഴങ്ങുന്നു. പിറ്റേന്നു രാവിലെ മേരിയുടെ മാറിടത്തിൽ പൊള്ളലിൻ്റെ പാട് കാണുന്ന ലിസി ഞെട്ടുന്നു. മേരിയെ വിരുന്നിനു വേണ്ടി ഒരുക്കുന്ന അന്നാമ്മയും അതു കാണുന്നു. അപ്പോഴും ബോധം കെട്ടുറങ്ങുന്ന ഉതുപ്പിനെ അവർ തല്ലിയെഴുന്നേൽപിക്കുന്നു. കാര്യം മനസ്സിലാക്കിയ ഉതുപ്പ് ദുഃഖിതനും നിരാശനുമാവുന്നു.
കുറ്റബോധം കാരണം മേരിയുടെ വീട്ടിലേക്ക് പോവാത്ത ഉതുപ്പിനെ ജോയി നിർബന്ധിച്ച് അവിടേക്കയയ്ക്കുന്നു. എന്നാൽ, രാത്രിയിൽ ഉതുപ്പിൻ്റെ മുഖത്തു വിരലോടിച്ച മേരി, തലേ രാത്രിയിൽ തന്നെ പ്രാപിച്ചത് അയാളല്ലെന്നു മനസ്സിലാക്കുന്നതോടെ തകർന്നു പോവുന്നു. പിറ്റേന്ന് രാവിലെ മേരിയെ തിരക്കിയെത്തുന്ന ലിസി കാണുന്നത് തൂങ്ങി നിൽക്കുന്ന മേരിയെയാണ്. ഒരു ഭ്രാന്തനെപ്പോലെ പള്ളിമണിയടിക്കുന്ന ഉതുപ്പിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്നു.
ജോയിയോടൊപ്പം പോവാൻ ലിസി തീരുമാനിക്കുന്നു. എന്നാൽ ജോയിയോടൊപ്പം രാത്രി വീട്ടിലെത്തുന്ന ലിസിയെ വറീത് തിരികെക്കൊണ്ടു വിടുന്നു. അമ്പലത്തിലെ വെടിക്കെട്ടിൻ്റെയന്ന് ഒളിച്ചോടാൻ ലിസിയും ജോയിയും തീരുമാനിക്കുന്നു. എന്നാൽ അവരുടെ സംസാരം ഒളിഞ്ഞു നിന്നു കേൾക്കുന്ന ചാക്കോയുടെ പദ്ധതി വേറെയാണ്.
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ മഞ്ഞവെയിൽപ്പൂ |
ബിച്ചു തിരുമല | എ ടി ഉമ്മർ | എസ് ജാനകി |
2 |
സ്വപ്നഗോപുരങ്ങൾ തകരുന്നു |
ബിച്ചു തിരുമല | എ ടി ഉമ്മർ | കെ ജെ യേശുദാസ് |
3 |
രോമാഞ്ചം പൂത്തുനിൽക്കും |
ബിച്ചു തിരുമല | എ ടി ഉമ്മർ | പി ജയചന്ദ്രൻ, അമ്പിളി |